മാനന്തവാടി : വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. പാക്കം - കുറുവ ദ്വീപ് റൂട്ടില്‍ വനമേഖലയില്‍ ചെറിയമല കവലയില്‍വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു (Wild Elephant Attack). പാക്കം സ്വദേശി വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരിച്ചത്. വാരിയെല്ലിന് പൊട്ടലേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിരുന്നു.
എന്നാല്‍ പോകുന്ന വഴി ആരോഗ്യാവസ്ഥ തീര്‍ത്തും മോശമാവുകയും മെഡിക്കല്‍ കോളജിലെത്തി അല്‍പ്പസമയത്തിനകം മരിക്കുകയുമായിരുന്നു. ഒരാഴ്‌ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടാമത്തെയാളാണ് മരണപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ (17.02.24) യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. തൊട്ടുപിന്നാലെ എല്‍ഡിഎഫും നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്. നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കുറുവ ദ്വീപ് വന സംരക്ഷണ സമിതി (വിഎസ്എസ്) ജീവനക്കാരനായ പോള്‍ ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടിയപ്പോള്‍ വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ സുഹൃത്തുക്കളോട് പറഞ്ഞത്. പോളിന്‍റെ മരണത്തോടെ ഈ വര്‍ഷം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.
ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂര്‍ മഖ്‌നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30 ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്‌മണൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
തുടര്‍ച്ചയായി കാട്ടാന ആക്രമണത്തില്‍ ജനങ്ങളുടെ ജീവൻ നഷ്‌ടമാകുന്ന സംഭവത്തില്‍ ശാശ്വത പരിഹാരം തേടിയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്. പോളിന്‍റെ മരണത്തോടെ ജനങ്ങളും വലിയ പ്രതിഷേധത്തിലാണ്. കാട്ടാന ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് പോളിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അതീവ ഗുരുതരാവസ്ഥയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോളിനെ എത്തിച്ചത്. മാനന്തവാടിയിൽനിന്ന് രണ്ടുമണിക്കൂറിനുള്ളില്‍ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോളിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി രാവിലെ 7.30 ഓടെ പുല്‍പ്പള്ളി പൊലീസ് എത്തും.
അതേസമയം, രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോളിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഹെലികോപ്‌റ്റര്‍ എത്തിച്ചിരുന്നു. എന്നാല്‍ പരിക്കേറ്റ ജീവനക്കാരന്‍റെ സ്ഥിതി ഗുരുതരമായതിനാല്‍ ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ റോഡുമാര്‍ഗം തന്നെ കൊണ്ടുപോകുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നാണ് ഹെലികോപ്‌റ്റർ എത്തിച്ചിരുന്നത്.
ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് എയര്‍ ലിഫ്റ്റ് ചെയ്‌ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കുന്നതിന് വേണ്ടിയാണ് ഹെലികോപ്‌റ്റര്‍ സേവനം ആവശ്യമായി വന്നത്. ജില്ലയിലാദ്യമായാണ് രോഗിയെ കൊണ്ടുപോകാന്‍ ഹെലികോപ്‌റ്റര്‍ സേവനം തേടിയത്. ആംബുലന്‍സ് പുറപ്പെട്ട് കുറച്ച് സമയത്തിനുള്ളില്‍ ഹെലികോപ്‌റ്റര്‍ മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തി. നാല് യാത്രികര്‍ക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്‌റ്ററായിരുന്നു എത്തിയത്.