കോഴിക്കോട്: വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ 70,376 വോട്ടിന്‍റെ കുറവാണ് ഉണ്ടായത്. 2019 ൽ 4,31,770 ആയിരുന്നു ഭൂരിപക്ഷമെങ്കിൽ ഈ തവണ അത് 3,61,394 ആയി കുറഞ്ഞു. സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷം ഇതുതന്നെയാണ്. അതേസമയം രാഹുലിന് കുറഞ്ഞ വോട്ടിൽ വലിയ നേട്ടം കൊയ്‌തത് എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനാണ്. 1,39,677 വോട്ടുകളാണ് സുരേന്ദ്രൻ നേടിയത്.
ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 78,816 വോട്ടാണ് 2019 ൽ നേടിയത്. 60,861 വോട്ട് സുരേന്ദ്രന് അധികമായി ലഭിച്ചു. സിപിഐ സ്ഥാനാർഥിയായ ആനിരാജക്ക് 5,734 വോട്ട് മാത്രമാണ് വർധിപ്പിക്കാൻ കഴിഞ്ഞത്. 14,812 വോട്ടർമാരാണ് മണ്ഡലത്തിൽ വർധിച്ചത്. കുറച്യർ വിഭാഗത്തിലെ വലിയൊരു എണ്ണം ബിജെപിയിലേക്ക് മാറിയത് യുഡിഎഫിന് ക്ഷീണമായിട്ടുണ്ട്. കർഷക പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിൽ വിശ്വാസമർപ്പിച്ചവരും ഇടത് വലത് മുന്നണികളോട് മുഖം തിരിച്ചിട്ടുണ്ട്.
2009 ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എംഐ ഷാനവാസ് 1,53,439 വോട്ടിന് വിജയിച്ചു. സിപിഐയിലെ എം റഹ്മത്തുള്ളയാണ് തോറ്റത്. 2014 ൽ ഷാനവാസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയിലെ സത്യൻ മൊകേരിയാണ് ശക്തമായ പോരാട്ടം കാഴ്‌ചവെച്ച് 20,870 വോട്ടിന് തോറ്റത്. 2018 ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.
പാർലമെന്‍റ് കാലാവധി കഴിയാനായതോടെ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കി. എന്നാൽ 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ രാജ്യം ഒന്നടങ്കം വയനാട്ടിലേക്ക് ഉറ്റുനോക്കി. രാഹുൽ ഗാന്ധിയുടെ മത്സരത്തോടെ വയനാട് സ്റ്റാറായി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി (4,31,770) രാഹുൽ വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അനുകൂലമായി വിധി എഴുതിയിട്ടുള്ളതാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം.
ALSO READ: കോഴിക്കോടിന്‍റെ ഖൽബിൽ രാഘവൻ തന്നെ; ഇക്കുറി ലീഡ് ഒരു ലക്ഷം കടന്നു