വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിക്കഴിഞ്ഞു. പോരാട്ടത്തെക്കുറിച്ച് വ്യക്തമായ ചിത്രവും തെളിഞ്ഞു. ശക്തമായ ത്രികോണ പോരാട്ടത്തിനാകും മണ്ഡലം സാക്ഷ്യം വഹിക്കുക. തീപാറും മത്സരമാകും മണ്ഡലത്തിലെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയുടെ കന്നിയങ്കത്തിന് വേദിയാകുന്ന വയനാട്ടില്‍ അതിന് പോന്ന എതിരാളികളെ കണ്ടെത്തുക എന്നത് തന്നെയായിരുന്നു ഇടത്-എന്‍ഡിഎ മുന്നണികളുടെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. സിപിഐയുടെ മണ്ഡലമായ വയനാട്ടില്‍ പാര്‍ട്ടിയിലെ കരുത്തരെ തന്നെ ഇറക്കണമെന്നത് പാര്‍ട്ടിയുടെ അഭിമാന പ്രശ്‌നമായിരുന്നു. പാര്‍ട്ടിയുടെ വനിത തീപ്പൊരി നേതാക്കളെ പലരെയും പരിഗണിച്ചെങ്കിലും ഒടുവില്‍ പാര്‍ട്ടിയുടെ പടക്കുതിരയായിരുന്ന സത്യന്‍ മൊകേരിയ്ക്ക് നറുക്ക് വീഴുകയായിരുന്നു.
കൂലങ്കഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ പിറ്റേ ദിവസം തന്നെ സ്ഥാനാര്‍ഥിയാരെന്ന് സിപിഐ വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആരാണ് സത്യന്‍ മൊകേരി?
ഒരുകാലത്ത് കേരള നിയമസഭയിലെ ഗര്‍ജ്ജിക്കുന്ന സിംഹം എന്ന് എതിരാളികള്‍ പോലും വാഴ്‌ത്തിപ്പാടിയ നേതാവാണ് സത്യന്‍ മൊകേരി. എതിരാളികളെ നേരിടാന്‍ ഒരു കാലത്ത് നിയമസഭയില്‍ ഇടതുമുന്നണിയുടെ ശക്തരായ രണ്ട് പടക്കുതിരകളായിരുന്നു സിപിഐയുടെ സത്യന്‍ മൊകേരിയും സിപിഎമ്മിന്‍റെ കോടിയേരി ബാലകൃഷ്‌ണനും. ഏറ്റവും മികച്ച യുവസമാജികനടക്കമുള്ള പുരസ്‌കാരങ്ങള്‍ തേടിയെത്തിയത് സത്യന്‍ മൊകേരിയെന്ന സൗമ്യനായ കമ്യൂണിസ്റ്റ് നേതാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു.
'ഇന്ദിരാഗാന്ധിക്ക് പോലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പിന്നെയെന്താ പ്രിയങ്കയ്ക്ക് കൊമ്പുണ്ടോ? തീര്‍ച്ചയായും പ്രിയങ്കയെ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെ'ന്ന ആത്മവിശ്വാസം സ്‌ഫുരിക്കുന്ന മൊകേരിയുടെ വാക്കുകള്‍ പ്രിയങ്കയുടെ പ്രയാണം അത്ര സുഗമമാകില്ല എന്ന കൃത്യമായ സന്ദേശം തന്നെയാണ് നല്‍കുന്നത്.
ഇന്ത്യ സഖ്യത്തിലെ കോണ്‍ഗ്രസിന്‍റെ ശക്തരായ സഖ്യകക്ഷിയാണ് സിപിഐ. എന്നാല്‍ വയനാട്ടില്‍ രണ്ട് കക്ഷികളും മുഖാമുഖം കൊമ്പുകോര്‍ക്കുകയാണ്. വയനാട് ഉപതെരഞ്ഞെടുപ്പ് ഒരു സൗഹൃദ മത്സരമാകില്ല മറിച്ച് ശക്തമായ രാഷ്‌ട്രീയ പോരാട്ടം തന്നെയാകും അവിടെ അരങ്ങേറുക എന്ന സന്ദേശം തന്നെയാണ് മൊകേരിയുടെ വാക്കുകള്‍ നല്‍കുന്നത്.
സത്യന്‍ മൊകേരിക്ക് വയനാടുമായുള്ളത് ദീര്‍ഘകാലത്തെ ബാന്ധവം ആണ്. വയനാട്ടിലെ പ്രശ്‌നങ്ങളെല്ലാം മൊകേരിക്ക് ഹൃദിസ്ഥവും. കര്‍ഷക നേതാവായ സത്യന്‍ മൊകേരിയെക്കാള്‍ കാര്‍ഷിക മണ്ഡലമായ വയനാടിന് നല്‍കാന്‍ ഇടതുമുന്നണിയില്‍ മറ്റൊരു മികച്ച സ്ഥാനാര്‍ഥി ഇല്ലെന്നത് തന്നെയാണ് യാഥാര്‍ഥ്യം.
മാധ്യമരംഗത്ത് നിന്ന് രാഷ്‌ട്രീയത്തിലേക്ക് എത്തിയ വ്യക്തിയാണ് സത്യന്‍ മൊകേരി. അഖിലേന്ത്യാ കിസാന്‍ സഭയുടെ ദേശീയ സെക്രട്ടറിയാണ് ഇദ്ദേഹം. ഇതിന് പുറമെ സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറിയുമാണ്. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി ആയിരുന്നു.
സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവുമായ പി കേളപ്പന്‍ നായരുടെയും കല്യാണി മൊകേരിയുടെയും മകനായി 1953 ഒക്‌ടോബര്‍ രണ്ടിന് ജനിച്ച സത്യന്‍ എഐഎസ്എഫ് വട്ടോളി ഹൈസ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയായാണ് പൊതുരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്‍റ്, കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.
1987 മുതല്‍ 2001 വരെ നാദാപുരം എംഎല്‍എ ആയിരുന്നു. നിയമസഭയുടെ കെ ശങ്കരനാരായണന്‍ തമ്പി സ്‌മാരക യുവപാര്‍ലമെന്‍റേറിയന്‍ പുരസ്‌കാരം നേടി. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ അംഗമായും കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ പി വസന്തമാണ് ജീവിത പങ്കാളി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. അച്യുത് വി സത്യന്‍, ആര്‍ഷ വി സത്യന്‍.
വയനാട്ടിലെ പ്രശ്‌നങ്ങള്‍
രണ്ട് പതിറ്റാണ്ട് അഖിലേന്ത്യാ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സത്യന്‍ മൊകേരി കര്‍ഷക പ്രക്ഷോഭങ്ങളുടെ അമരക്കാരന്‍ കൂടിയാണ്. വയനാടിന് മുന്നിലുള്ളത് നീറുന്ന നിരവധി പ്രശ്‌നങ്ങളാണ്. മതിയായ ആരോഗ്യ സംവിധാനങ്ങള്‍ മണ്ഡലത്തിലില്ല. മനുഷ്യ-വന്യമൃഗ പോരാട്ടം തുടര്‍ക്കഥയാണ്. ബന്ദിപ്പൂര്‍ കടുവ സങ്കേതം വഴിയുള്ള രാത്രി യാത്ര നിരോധനം വയനാടിന്‍റെ സാമ്പത്തിക മേഖലയ്ക്ക് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം ചെറുതല്ല.
ഇക്കഴിഞ്ഞ ജൂലൈ മുപ്പതിന് ചൂരല്‍മലയേയും മുണ്ടക്കൈയേയും തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയ ആഘാതങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ വേദികളെ പിടിച്ചുലയ്ക്കും. വയനാടിന്‍റെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ എന്നും സത്യന്‍ മൊകേരി മുന്നില്‍ തന്നെ ഉണ്ടായിരുന്നു. വയനാട്ടിലെ ജനങ്ങളെ കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടു വരണമെന്ന ആവശ്യം പോലും അദ്ദേഹം അധികൃതരുടെ മുന്നില്‍ നിരത്തി.
തന്‍റെ വാദങ്ങള്‍ ശക്തമായി ഉന്നയിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള നഷ്‌ടപരിഹാരത്തുക 25 ലക്ഷമായി ഉയര്‍ത്തുന്നതിലും സത്യന്‍ മൊകേരി വഹിച്ച പങ്ക് ചെറുതല്ല. ചുരുക്കത്തില്‍ വയനാട്ടുകാര്‍ക്ക് സത്യന്‍ മൊകേരിയെന്നാല്‍ അയല്‍ക്കാരനല്ല സ്വന്തം ആള്‍ തന്നെയാണ്. ഇത് രണ്ടാം തവണയാണ് സത്യന്‍ മൊകേരി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്.
മണ്ഡലത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ സിപിഐ സ്ഥാനാര്‍ഥി എന്ന ഖ്യാതിയും മൊകേരിയ്ക്ക് സ്വന്തമാണ്. 2014ല്‍ എം ഐ ഷാനവാസിന് കടുത്ത വെല്ലുവിളിയാണ് മൊകേരി ഉയര്‍ത്തിയത്. 2009ല്‍ ഒന്നരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ പാര്‍ലമെന്‍റിലെത്തിയ ഷാനവാസിന്‍റെ 2014ലെ ഭൂരിപക്ഷം 21,000ത്തിന് താഴെയെത്തിക്കാന്‍ സത്യന്‍ മൊകേരിയ്ക്കായി എന്നത് നിസാരമല്ല. 2009മായി താരതമ്യപ്പെടുത്തുമ്പോള്‍ സിപിഐയുടെ വോട്ട് പങ്കാളിത്തം 7.69ശതമാനം വര്‍ധിപ്പിക്കാനും മൊകേരിക്കായി. പ്രിയങ്കയ്‌ക്കെതിരെ ശക്തമായ മത്സരം നടത്തുക എന്ന നിയോഗവുമായാണ് ഒരിക്കല്‍ കൂടി സത്യന്‍ മൊകേരി വയനാട്ടില്‍ കാലുകുത്തിയിരിക്കുന്നത്.
അറിയാം നവ്യ ഹരിദാസിനെ
ശോഭാ സുരേന്ദ്രന് അപ്പുറം ബിജെപിയില്‍ കരുത്തരായ വനിത നേതാക്കളില്ല എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കുള്ള മറുപടിയാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ നവ്യ ഹരിദാസിന്‍റെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം. മഹിള മോര്‍ച്ച നേതാവും രണ്ട് തവണ കോഴിക്കോട് നഗരസഭ കൗണ്‍സിലറുമായിരുന്ന വ്യക്തിയാണ് നവ്യ ഹരിദാസ് എന്ന യുവ നേതാവ്. കഴിഞ്ഞ ദിവസമാണ് നവ്യയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
അതുവരെ ചിത്രത്തിലൊന്നും ഇങ്ങനെ ഒരു സ്ഥാനാര്‍ഥിയേ ഉണ്ടായിരുന്നില്ല. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും ഖുശ്‌ബുവും അടക്കമുള്ള നേതാക്കളുടെ പേരുകളാണ് പറഞ്ഞ് കേട്ടിരുന്നത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും നവ്യ ജനവിധി തേടിയിരുന്നു. ബിജെപിയുടെ വോട്ട് പങ്കാളിത്തം ഗണ്യമായി ഉയര്‍ത്തിക്കൊണ്ടായിരുന്നു നവ്യ മൂന്നാം സ്ഥാനത്ത് എത്തിയത്. മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തില്‍ 20.89 ശതമാനം വോട്ടുകള്‍ നേടി നവ്യ മൂന്നാമതെത്തി. ഐഎന്‍എല്ലിന്‍റെ അഹമ്മദ് ദേവര്‍ കോവിലായിരുന്നു വിജയം കണ്ടത്. ഐയുഎംഎല്ലിന്‍റെ നൂര്‍ബീന റഷീദ് രണ്ടാമതെത്തി.
ബിജെപിക്ക് കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യമായി ഒരു കൗണ്‍സിലര്‍ സ്വപ്‌നം സാധ്യമാക്കിയത് നവ്യയാണ്. എതിരാളികളെ പോലും അമ്പരപ്പിച്ചായിയിരുന്നു നവ്യയുടെ അപ്രതീക്ഷിത വിജയം. നഗരസഭയിലെ ബിജെപിയുടെ ആദ്യ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും നവ്യ ആയിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ നവ്യ സ്വപ്‌ന സമാന ജോലികള്‍ ഉപേക്ഷിച്ചാണ് രാഷ്‌ട്രീയരംഗത്തേക്ക് പദമൂന്നിയത്. പാര്‍ലമെന്‍റിലേക്കുള്ള നവ്യയുടെ കന്നിയംഗമാണിത്. കോഴിക്കോട് നഗരസഭയിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് നവ്യ.
Also Read: ഒടുവില്‍ ചിത്രം പൂർണം; വയനാടും പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി