മുംബൈ (മഹാരാഷ്‌ട്ര) : കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുഃഖം അറിയിച്ച് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍. കേരളം തന്നെ ഏറെ സ്‌നേഹിച്ച നാടാണെന്നും അല്ലു അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വയനാടിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായത്. മുന്നൂറിലേറെ ജീവനുകള്‍ നഷ്‌ടമായി. കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി ഇന്ന് ദുരന്തബാധിത മേഖല സന്ദര്‍ശിച്ചു. ദുരന്തത്തിന്‍റെ ആറാം ദിവസമായ ഇന്നും തെരച്ചില്‍ പുരോഗമിക്കുകയാണ്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്.
തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് കലക്‌ടര്‍ മേഘശ്രീ പറഞ്ഞു. 1300 സേനാംഗങ്ങള്‍ ഇന്ന് ദുരന്തമുഖത്തുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്. കഴിഞ്ഞ ദിവസം തെരച്ചിലില്‍ ഏര്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകരും ഇവിടെ ഒറ്റപ്പെട്ട് പോയിരുന്നു.
രാത്രി പട്രോളിങ്ങിനും ഇവിടെ പൊലീസ് സംവിധാനം രൂപീകരിച്ചിട്ടുണ്ട്. ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് രാത്രി പട്രോളിങ് ഉണ്ടാകുക. തെരച്ചില്‍ ദൗത്യങ്ങള്‍ വേഗത്തിലാക്കാന്‍ സിയാച്ചിനിലും ഡല്‍ഹിയിലും നിന്ന് റീക്കോ റഡാറുകളും എത്തിച്ചിട്ടുണ്ട്. ഡ്രോണ്‍ പരിശോധനകളും നടത്തും. മുംബൈയിലെ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെയാണ് ഡ്രോണ്‍ പരിശോധന.
ഇന്ത്യന്‍ തീരസംരക്ഷണ സേന, കരസേന, വ്യോമസേന എന്നിവയാണ് പ്രധാനമായും തെരച്ചിലിനായി രംഗത്തുള്ളത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഒറ്റപ്പെട്ടു പോയ രക്ഷാപ്രവര്‍ത്തകരെ വ്യോമസേന രക്ഷിച്ചു.
Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസ്