വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് കുട്ടികളിൽ ശാരീരിക അസ്വസ്ഥത പ്രകടമായതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇവരിൽ ഒരാള്‍ വൈത്തിരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മേപ്പാടി കുന്നംമ്പറ്റയിൽ താമസിക്കുന്ന ഹാദി അയാനി, മിഷ്‌ഫ, സന ഫാത്തിമ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്‌ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പരാതി. വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് താലൂക്ക് ആശുപത്രിയിലെത്തി. മന്ത്രിയെ കണ്ട് കുട്ടിയുടെ അമ്മ വിതുമ്പി കരഞ്ഞു. കുഞ്ഞിൻ്റെ ഭക്ഷ്യവിഷബാധയിൽ രാഷ്ട്രീയം കളിക്കുന്നു എന്ന് ചിലർ പറയുന്നുവെന്ന് കുട്ടിയുടെ അമ്മ മന്ത്രിയോട് പറഞ്ഞു.
ഭീഷണിയുണ്ടെങ്കിൽ അറിയിക്കണമെന്നും ഒപ്പമുണ്ടെന്നും മന്ത്രി കുട്ടിയുടെ അമ്മയ്‌ക്ക് ഉറപ്പു നല്‍കി. ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർദേശം നൽകിയതായി മന്ത്രി പി പ്രസാദ് അറിയിച്ചു. കലക്‌ടർക്കാണ് നിർദേശം നൽകിയത്. ഗുണനിലവാര പരിശോധന നടത്താൻ എല്ലാ സംവിധാനങ്ങളും നിലവിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കിറ്റിനകത്തെ ഭക്ഷണ സാമഗ്രികളുടെ പ്രശ്‌നമാണെങ്കിൽ ഗൗരവകരമാണ്. ആരുടെ വീഴ്‌ചയാണെന്നതിൽ പരിശോധന വേണമെന്നും മന്ത്രി പറഞ്ഞു. വിവരമറിഞ്ഞ് ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസും ആശുപത്രിയിലെത്തി. പ്രകൃതി ദുരന്തത്തെ അതിജീവിച്ചവർക്ക് നേരെ സംസ്ഥാന സർക്കാർ മറ്റൊരു ദുരന്തം അഴിച്ചിവിടരുതെന്ന് നവ്യ ഹരിദാസ് പറഞ്ഞു.
Also Read: പ്രിയങ്കയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രമുള്ള ഭക്ഷ്യ കിറ്റ്; പൊലീസ് കേസെടുത്തു