എടക്കര: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ചാലിയാറിലൂടെ ഒഴുകിവന്ന ഇരുപതോളം മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത് വനവാസികള്‍ വിവരം നൽകിയതിനാൽ. ദുരന്തം നടന്ന ബുധനാഴ്‌ച പുലര്‍ച്ചെ രണ്ട് മണിക്ക് വാണിയംപുഴയിലെ വനവാസികളാണ് ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ മൃതദേഹം ആദ്യം കണ്ട് പൊലീസിനെ അറിയിച്ചത്.
മലവെള്ളപ്പാച്ചിലില്‍ ചാലിയാറിൻ്റെ തീരങ്ങളില്‍ അടിഞ്ഞ മീനുകള്‍ പെറുക്കിയെടുക്കാന്‍ പോയവരായിരുന്നു മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ പുഴയുടെ വിവിധ ഭാഗങ്ങളിലും മലവെള്ളം കയറിയൊഴുകിയ വനമേഖലയിലും തെരച്ചില്‍ നടത്തി നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു.
തിങ്കളാഴ്‌ച പുഴയില്‍ കുളിക്കാനിറങ്ങിയ വനവാസി യുവാവ് ഒരു ശരീരഭാഗം കണ്ടെത്തിയിരുന്നു. ചൊവ്വാഴ്‌ച രാവിലെ കുമ്പളപ്പാറ നഗറിലെ ദേവന്‍ പുഴയോരത്തെ മണല്‍തിട്ടയില്‍ നിന്നും ഒരു കാലും കണ്ടെത്തി. കഴിഞ്ഞ എട്ട് ദിവസമായി നടക്കുന്ന തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി വിവരങ്ങള്‍ കൈമാറാന്‍ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ നഗറുകളിലെ വനവാസികള്‍ രക്ഷാപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും സഹായിച്ചിരുന്നു.
Also Read: വയനാട് ഉരുൾപൊട്ടൽ; ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തി മൃതദേഹങ്ങൾ