വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ മൂന്നാം ദിനവും പുനരാരംഭിച്ചു. സെന്യം, ഫയർഫോഴ്‌സ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ (ജൂലൈ 31) തെരച്ചിൽ താത്‌കാലികമായി നിർത്തിവച്ചിരുന്നു. 287 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
ഇനിയും 200ലധികം പേരെ കണ്ടെത്താനുണ്ട്. സജീവമായ രക്ഷാപ്രവർത്തനം സാധ്യമാവണമെങ്കിൽ സ്ഥലത്തേക്ക് ജെസിബി അടക്കമുള്ള വാഹനങ്ങളും യന്ത്രങ്ങളും എത്തിക്കേണ്ടതുണ്ട്. നദിക്ക് കുറുകെ ഉണ്ടായിരുന്ന താത്‌കാലിക പാലം തകർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആയിരുന്നു. തകർന്ന പാലത്തിന്‍റെ സ്ഥലത്ത് സൈന്യം താത്‌കാലിക ബെയ്‌ലി പാലം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ബെയ്‌ലി പാലത്തിന്‍റെ സ്‌ട്രക്‌ച്ചർ മറുകരയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പാലം നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്ഥലത്തേക്ക് എത്തിച്ചേരാനാകും.
![WAYANAD LANDSLIDE വയനാട് ദുരന്തം WAYANAD LANDSLIDE RESCUE OPERATION വയനാട് ഉരുൾപൊട്ടൽ രക്ഷാദൗത്യം](https://etvbharatimages.akamaized.net/etvbharat/prod-images/01-08-2024/22098474_wayanad.jpg)
മുഖ്യമന്തി പിണറായി വിജയനും ചീഫ് സെക്രട്ടറി ഡോ. വി വേണുവും ഇന്ന് വയനാട് സന്ദർശിക്കും. മുഖ്യമന്തിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും. കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ അടക്കമുള്ള ദേശീയ നേതാക്കളും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും. ജില്ലയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറിത്താമസിക്കണമെന്നും ജില്ല ഭരണകൂടം നിര്‍ദേശം നൽകിയിട്ടുണ്ട്.