കോഴിക്കോട്: മരിച്ചു പോയവർ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ബാക്കിയാക്കിയതാണ് വയനാട് ദുരന്തത്തിന്‍റെ ഭീകരത. ഉറ്റവരുടെ മൃതദേഹമെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ച്, വിലപിച്ച് കഴിയുന്നവരുടെ മുഖമാണ് ദുരന്തം അവശേഷിപ്പിക്കുന്ന ചിത്രം. അവിടെയാണ് ഡിഎൻഎ ഫലം കുറച്ചെങ്കിലും ആശ്വാസമേകുക.
കിട്ടി തുടങ്ങിയ ഡിഎന്‍എ ഫലങ്ങൾ ഇന്ന് മുതൽ പരസ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതെ ആയവരുടെ കരട് പട്ടികയിൽ ഇപ്പോൾ 130 പേരാണ് ഉള്ളത്. 90 പേരുടെ സാമ്പിളാണ് ഡിഎന്‍എ പരിശോധനക്കായി ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ശേഖരിച്ചിട്ടുള്ളത്.
മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഡിഎൻഎ പ്രൊഫൈലിങ് സങ്കീർണ്ണവും ദീർഘവുമായ പ്രക്രിയയാണ്. കണ്ണൂർ ഫോറൻസിക് ലാബ്, രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജി എന്നിവിടങ്ങളിലാണ് വയനാട് ദുരന്തത്തിന്‍റെ ഡിഎൻഎ പരിശോധന നടക്കുന്നത്.
നേരത്തെ, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിലും ഓഖി ചുഴലിക്കാറ്റിലും സ്വീകരിച്ച ഡിഎൻഎ പരിശോധന രീതിയെക്കാൾ വളരെ സങ്കീർണ്ണമാണ് വയനാട്ടിലേത്. പുറ്റിങ്ങലിൽ 169 ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചാണ് തിരിച്ചറിയാതിരുന്ന 17 പേരിൽ 15 പേരെയും തിരിച്ചറിഞ്ഞത്. 2017ലെ ഓഖി ചുഴലിക്കാറ്റിൽ 74 മൃതദേഹങ്ങൾ ആണ് കടലിൽ നിന്ന് കണ്ടെടുത്തത്.
എല്ലാം അഴുകിയ നിലയിലായിരുന്നു. 536 ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചാണ് ഡിഎൻഎ വിശകലനത്തിലൂടെ മൃതദേഹങ്ങൾ എല്ലാം തിരിച്ചറിഞ്ഞത്. പൊലീസിന്‍റെ മേൽനോട്ടത്തിലാണ് സാമ്പിളുകൾ ശേഖരിക്കുന്നതും പരിശോധനയ്‌ക്ക് അയക്കുന്നതുമെല്ലാം ചെയ്യുന്നത്.
വയനാടിന്‍റെ കാര്യത്തിൽ ശരീര ഭാഗങ്ങൾക്കായി ഒന്നിലധികം പേർ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. മാറി സംസ്‌കരിച്ചു എന്ന തരത്തിലുള്ള പരാതികളും ഉയർന്നിരുന്നു. ഇതിനെന്നും മറ്റ് മാർഗങ്ങളില്ലാത്തപ്പോൾ മരിച്ചയാളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന മാത്രമാണ് വ്യക്തമായ പോംവഴി.
''കാണാതായവരുടെ പട്ടികയിലുള്ളവരുടെ ബന്ധുക്കളുടെ സാമ്പിൾ ശേഖരണം പൂർത്തിയാക്കിയതാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ നിരവധി പേർ എത്തിയിരുന്നു. എന്നാൽ, അത് അവരുടെ കുടുംബാംഗമല്ലെന്ന് അറിഞ്ഞ് മടങ്ങുമ്പോഴും വിശകലനത്തിനായി സാമ്പിളുകൾ ശേഖരിച്ചിരുന്നു. അടുത്ത ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിനൊപ്പം വിലാസവും ശേഖരിച്ചിരുന്നു'' രക്ത സാമ്പിൾ ശേഖരണത്തിന് മേൽനോട്ടം വഹിക്കുന്ന ഡോ. ബിനിജ മെറിൻ ജോയ് പറഞ്ഞു.
എങ്ങിനെയാണ് പരിശോധന രീതി: രക്ത സാമ്പിളുകൾ ശേഖരിച്ചാണ് സാധാരണയായി ഡിഎൻഎ പരിശോധിക്കുന്നത്. 23 ജോഡി ക്രോമസോമുകളിൽ പകുതിയെങ്കിലും സാമ്യമാണെങ്കിൽ രക്തബന്ധം വ്യക്തമാകും. അതേസമയം, ദുരന്ത ഭൂമിയിൽ നിന്ന് ലഭിക്കുന്ന ശരീരഭാഗങ്ങളിൽ രക്തത്തിന്‍റെ അംശം വിരളമായിക്കും.
അവിടെ കോശങ്ങളാണ് പരിശോധനക്കായി ശേഖരിക്കുക. എല്ലിൽ നിന്നാണ് കോശങ്ങളെ വേർതിരിച്ചെടുക്കുക. ഇത് ചില ഘട്ടങ്ങളിൽ സങ്കീർണ്ണമായ പ്രക്രിയ ആയിരിക്കും.
ഓരോ കോശങ്ങളിൽ നിന്നും ലഭിക്കുന്ന ക്രോമസോമുകൾ ജീവിച്ചിരിക്കുന്നവരുടെ സാമ്പിളുമായി പകുതിയോളം സാമ്യമായാൽ ബന്ധം വ്യക്തമാകും. തിരിച്ചറിയൽ നമ്പർ പ്രദർശിപ്പിച്ച കുഴിമാടങ്ങൾക്ക് മുന്നിൽ ചെന്ന് ആത്മാവിന് നിത്യശാന്തി നേരാം. രക്തസാംപിൾ നൽകിയിട്ടും ഒന്നിനോടും സാമ്യമാകാതെ ദുഃഖം പേറി കാത്തിരിക്കുന്നവരുടെ അവസ്ഥയും ദയനീയമാണ്. കാണാമറയത്ത് അത്രയും പേരാണുള്ളത്.