കോഴിക്കോട്: പ്രകൃതി ദുരന്തത്തിൽ തകർന്ന വയനാടിന്‍റെ പുനരധിവാസത്തിന് തുക സമാഹരിക്കാൻ ഇന്ത്യയിലെ 25 പ്രശസ്‌ത ഗായകർ ഒന്നിച്ചു. ഇവർ ആലപിച്ച 'ഹൃദയമേ' വീഡിയോ ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയും കോഴിക്കോട് ജില്ലാ കലക്‌ടർ സ്നേഹിൽ കുമാർ സിങ്ങും ചേർന്ന് പ്രകാശനം ചെയ്‌തു.
കൈതപ്രം രചിച്ച്, രാജേഷ് ബാബു കെ ശൂരനാട് സംഗീതം പകർന്ന്, ഗായകൻ പി കെ സുനിൽകുമാർ ഏകോപനം നിർവഹിച്ച ഗാനം അഞ്ച് ദിവസങ്ങൾ കൊണ്ടാണ് തയ്യാറാക്കിയത്. ഹരിഹരൻ, ഉഷ ഉതുപ്പ്, എം ജി ശ്രീകുമാർ, ഉണ്ണിമേനോൻ, ഉണ്ണികൃഷ്‌ണൻ, സിത്താര, നരേഷ് അയ്യർ, മധു ബാലകൃഷ്‌ണൻ, മൃദുല വാര്യർ, നിത്യാ മാമ്മൻ, അനുരാധ ശ്രീരാം, മിൻമിനി, നജീം അർഷാദ്, അൻവർ സാദത്ത്, മധുശ്രീ നാരായണൻ, പി കെ സുനിൽകുമാർ ഉൾപ്പെടെ 25 പ്രശസ്‌ത ഗായകരാണ് ഇതിൽ പാടിയിരിക്കുന്നത്.
ഇന്ത്യൻ പട്ടാളത്തിനുള്ള ആദരം കൂടിയായ ഗാനത്തിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. വയനാടിനുള്ള സംഗീതത്തിന്‍റെ സാന്ത്വനമാണ് ഈ ഗാനമെന്ന് കൈതപ്രം പറഞ്ഞു. പ്രകാശന ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗായകൻ പി കെ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Also Read: വയനാടിന് കൈത്താങ്ങായി പൃഥ്വിരാജ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് ധനസഹായവുമായി താരം