മലപ്പുറം : ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ കണ്ടെത്താനായി ചാലിയാർ പുഴയിലും എടവണ്ണ കടവുകളിലും തെരച്ചിൽ നടത്താനൊരുങ്ങി പൊലീസ്. ഇന്നലെ വാഴക്കാട് നിന്നും ഒരു മൃതദേഹം ലഭിച്ചതോടെയാണ് എടവണ്ണ മേഖലകളിലും പരിശോധന നടത്താൻ തീരുമാനിച്ചത്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ചാലിയാർ പുഴയിൽ എടവണ്ണ, ഒതായി, മമ്പാട്, കുണ്ടുതോട്, കൊളപ്പാട് പാവണ്ണ തുടങ്ങിയ മേഖലകളിലൂടെ പരിശോധനകൾ നടത്തുന്നത്. എമർജൻസി റെസ്ക്യൂ ഫോഴ്‌സ് എടവണ്ണ യൂണിറ്റിൻ്റെ ബോട്ടിലാണ് ഈ മേഖലകളിൽ പൊലീസ് പരിശോധന നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി 151 മൃതദേഹങ്ങളും, ശരീരഭാഗങ്ങളുമാണ് ചാലിയാർ പുഴയുടെ തീരത്ത് നിന്നും കണ്ടെത്തിയത്.
ഉരുൾപൊട്ടൽ നടന്ന വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവയോട് ഏറ്റവും അടുത്തുള്ള പോത്തുകല്ല് പഞ്ചായത്തിലെ കടവുകളിൽ നിന്നാണ് ആദ്യം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നതെങ്കിൽ പിന്നീട് അമ്പതിലേറെ കിലോമീറ്റർ താഴെ വാഴക്കാട് നിന്നടക്കം മൃതദേഹങ്ങൾ ലഭിച്ചു. ചാലിയാറിൽ നിന്ന് ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ട നടപടികൾ ജില്ല ആശുപത്രിയിലാണ് നടക്കുന്നത്.
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഇതിനകം ബന്ധുക്കൾ എത്തി കൊണ്ടുപോയിട്ടുണ്ട്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും ഉടൻ വയനാട്ടിലെത്തിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തീകരിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഫ്രീസറിലാക്കിയാണ് കൊണ്ടു പോകുന്നത്.
ഇതിനാവശ്യമുള്ള ആംബുലൻസുകൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പൊലീസ് എസ്കോർട്ട് വാഹനവും പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്. ബാക്കിയുള്ളവയും ഉടൻ കൊണ്ടു പോകും.
Also Read: ദുരന്ത ഭൂമിയില്‍ മൂന്നു നാള്‍; രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് സൈന്യം