ഇടുക്കി : സംസ്ഥാനത്ത് വരാനിരിക്കുന്നത് അതികഠിനമായ വേനൽകാലമാണെന്ന സൂചനകളാണ് ലഭിക്കുന്നത്. കൃഷിക്കും കുടിവെള്ളത്തിനും വെള്ളം അധികമായി ആവശ്യമുള്ള സമയമാണ് വേനല്‍ക്കാലം. വേനൽ കടുത്തതോടെ ഇടുക്കിയിലെ ഹൈറേഞ്ചിൽ നിന്ന് വരുന്നത് പുതിയ വാർത്തകളാണ്. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒന്നിലധികം ജലമോഷണ കേസുകൾ. കുടിവെള്ളവും കാർഷിക ആവശ്യങ്ങൾക്കായി കരുതിവെച്ച വെള്ളവുമാണ് മോഷണം പോകുന്നത് (Water Theft In Idukki High Range Area).
മുണ്ടിയരുമ സ്വദേശി ചെറുവള്ളിയിൽ ജോഷി സെബാസ്റ്റ്യന്‍റെ കൃഷിയിടത്തിലെ വാട്ടർ ടാങ്കിൽ നിന്ന് തുടർച്ചയായി ജലം മോഷണം പോകുന്നുവെന്ന് പരാതി. 34 സെന്‍റ് സ്ഥലത്ത് ഏലം കൃഷി ചെയ്‌താണ് ഇയാൾ ഉപജീവനം നടത്തുന്നത്. വേനലിന്‍റെ കാഠിന്യം (Harsh Summer) വർധിച്ചത് കൊണ്ട് ഏലത്തോട്ടം നന്നായി നനയ്‌ക്കേണ്ടതുണ്ട്. ഇതിനായി ശേഖരിച്ചു വച്ചിട്ടുള്ള ജലമാണ് തുടർച്ചയായി മോഷ്‌ടാക്കൾ അപഹരിക്കുന്നത്.
ജലം മോഷ്‌ടിക്കപ്പെടുന്നുവെന്ന് പറഞ്ഞ് ജോഷി നെടുങ്കണ്ടം പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല കമ്പംമെട്ട്, ശാന്തൻപാറ, വണ്ടൻമേട്, ഉടുമ്പൻചോല സ്‌റ്റേഷൻ പരിധികളിലും സമാനമായ സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ജലമോഷണം പതിവായതോടെ വാട്ടർ ടാങ്കുകൾക്ക് സമീപം സിസിടിവി കാമറകൾ അടക്കം സ്ഥാപിച്ചിരിക്കുകയാണ് ചില കർഷകർ.