കോട്ടയം: മനസിനെയും കണ്ണുകളേയും കുളിരണിയിക്കുന്ന കാഴ്‌ചയിലേക്കാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോട്ടയം കൊല്ലാട് ഗ്രാമം കണികണ്ടുണരുന്നത്. അഴക് വിരിയിച്ച് ആമ്പൽ വസന്തം വീണ്ടും മനം കവരുകയാണ്. കിഴക്കുപുറം പാടത്തെ ആമ്പൽ വസന്തമാണ് മനോഹര കാഴ്‌ചയായി മാറുന്നത്.
കണ്ണെത്താ ദൂരത്തോളം അതിമനോഹരമായ ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്നു. ആഹാ എന്ത് മനോഹരമായ കാഴ്‌ചയാകും അത്.... പിങ്ക് വസന്തം ഇതൾ വിരിക്കുന്ന കാഴ്‌ച ആസ്വദിക്കാൻ ധാരാളം ആളുകളാണ് എത്തികൊണ്ടിരിക്കുന്നത്.
ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പുലർക്കാല കാഴ്‌ച ഏതൊരാളിന്‍റെയും മനസിൽ കുളിര് നിറയ്ക്കും. അത്രത്തോളം ഭംഗിയിലാണ് കൊല്ലാട് കിഴക്കുപുറം പാടത്തെ ആമ്പൽ വസന്തം നിൽക്കുന്നത്. ഇതാദ്യമായല്ല ഇവിടെ ആമ്പൽ വിരിയുന്നത്, സമൂഹ മാധ്യമങ്ങളിലടക്കം ആമ്പൽക്കാഴ്‌ചകൾ പ്രചരിച്ചതോടെ ഇവിടം ശ്രദ്ധാകേന്ദ്രമായെന്ന് മാത്രം.
കോട്ടയം തിരുവാർപ്പ് മലരിക്കൽ ആമ്പൽ വസന്തം ഹിറ്റായതിന് ശേഷമാണ് കിഴക്കുപുറവും ശ്രദ്ധിക്കപ്പെടുന്നത്. ആമ്പൽ പാടത്തിലൂടെ തോണിയിൽ സഞ്ചരിച്ച് പൂക്കളുടെ ഭംഗി അടുത്ത് കാണാനും ഇവിടെ സൗകര്യമുണ്ട്. ആമ്പൽ വസന്തം ആസ്വദിക്കണമെങ്കിൽ രാവിലെ 6 മുതൽ 9 വരെയുള്ള സമയമാണ് അനുയോജ്യം.
സമയം ചെലവഴിക്കാനും ഫോട്ടോഷൂട്ടിനായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. തോണിയിൽ സഞ്ചരിച്ച് സെൽഫിയെടുത്ത് സാമൂഹ മാധ്യമങ്ങിൽ പോസ്‌റ്റ് ചെയ്യുന്നവരാണ് അധികവും. പ്രായഭേദമന്യേ ധാരാളം ആളുകളാണ് ആമ്പൽ വസന്തം കാണാൻ എത്തുന്നത്. സഞ്ചാരികളെ ഇരുകൈയും നീട്ടിയാണ് പ്രദേശവാസികൾ വരവേൽക്കുന്നത്. സഞ്ചാരികൾക്കായി ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Also Read: പാഴ് വസ്‌തുക്കളില്‍ 'ഓമന വസന്തം'; വിസ്‌മയമാണ് ഈ പൂക്കൂട നിര്‍മാണം