ഇടുക്കി: അണകെട്ടുകളിലെ ജലനിരപ്പ് ക്രമാധീതമായി കുറയുന്നു. മിക്ക അണകെട്ടുകളിലും സംഭരണ ശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്. തുടര്‍ച്ചയായി വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധി ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഇടുക്കിയിലെ ജലനിരപ്പ് 2334.38 അടിയാണ്. സംഭരണ ശേഷിയുടെ 33.33 ശതമാനം മാത്രം വെള്ളമാണിത്. ഇടുക്കിയുടെ ഡൈവേര്‍ഷന്‍ ഡാമായ കല്ലാര്‍ പൂര്‍ണ്ണമായും വറ്റി വരണ്ടു. ഇരട്ടയാറില്‍ 20 ശതമാനത്തില്‍ താഴെയാണ് ജലനിരപ്പ്.
പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്‍മുടിയില്‍ 9.35 ശതമാനം വെള്ളമാണുള്ളത്. എതാനും ആഴ്‌ചകള്‍ക്ക് മുന്‍പ് പന്നിയാര്‍ പദ്ധതിയുടെ ഭാഗമായ ആനയിറങ്കല്‍ ഡാം തുറന്ന് വിട്ട്, പൊന്‍മുടിയിലേയ്ക്ക് വെള്ളം എത്തിച്ചിരുന്നു.
ചെറുകിട അണകെട്ടുകളായ മാട്ടുപെട്ടി, കുണ്ടള, കല്ലാര്‍കുട്ടി അണകെട്ടുകളില്‍ 50 ശതമാനത്തിന് മുകളില്‍ വെള്ളമുണ്ട്. കുണ്ടളയില്‍ 70.46 ശതമാനവും കല്ലാര്‍കുട്ടിയില്‍ 74.03 ശതമാനവും മാട്ടുപെട്ടിയില്‍ 53.57 ശതമാനവും വെള്ളമുണ്ട്.
കഴിഞ്ഞ മഴക്കാലങ്ങളില്‍ അണകെട്ടുകളില്‍ അടിഞ്ഞ് കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാത്തതിനാല്‍ മിക്ക അണകെട്ടുകളിലേയും സംഭരണ ശേഷിയില്‍ കാര്യമായ വ്യത്യാസമുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയില്‍ വേനല്‍ മഴ ലഭിച്ചെങ്കിലും അണകെട്ടുകളിലേയ്ക്ക് കാര്യമായി വെള്ളം ഒഴുകി എത്തിയിട്ടില്ല.
Also Read: ആനയിറങ്കലില്‍ ഇത് 'ചാകരക്കാലം': അണക്കെട്ടിലെ വെള്ളം കുറഞ്ഞതോടെ മീന്‍പിടുത്തം സജീവം