ചെന്നൈ (തമിഴ്‌നാട്): വ്യാജരേഖ ചമയ്ക്കൽ, യുവതിക്കെതിരെ ഗൂഢാലോചന തുടങ്ങിയ കേസിലെ പിടികിട്ടാപ്പുള്ളി വലയില്‍. ആലപ്പുഴ സ്വദേശി ഷാഹുൽ ഹമീദ് സിറാജുദ്ദീൻ (35) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതി വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റിലായത്.
വ്യാജരേഖ ചമയ്ക്കൽ, യുവതിക്കെതിരെ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളില്‍ പ്രതിക്കെതിരെ കഴിഞ്ഞ വർഷം ആലപ്പുഴ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്ന പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
ഇതേത്തുടർന്ന് എല്ലാ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് സ്ഥാപിച്ചിരുന്നു. ഇതിനിടെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് മലേഷ്യൻ എയർലൈൻസ് യാത്രാവിമാനത്തില്‍ യാത്ര ചെയാനിരിക്കുകയായിരുന്നു സിറാജുദ്ദീൻ.
പാസ്പോർട്ടും രേഖകളും ചെന്നൈ എയർപോർട്ട് അധികൃതർ പരിശോധിക്കവെയാണ് പൊലീസ് തിരയുന്ന പ്രതിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മലേഷ്യൻ യാത്ര റദ്ദാക്കുകയും ആലപ്പുഴ പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയും ചെയ്‌തു. സ്‌പെഷ്യൽ പൊലീസ് സംഘം ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.