കാസര്‍കോട്: വിവിപാറ്റ് മെഷീനുകളില്‍ പിഴവ് സംഭവിച്ചുവെന്ന ആരോപണത്തിൽ വിശദീകരണവുമായി കാസർകോട് ജില്ലാ കളക്‌ടറും വരണാധികാരിയുമായ കെ ഇമ്പശേഖര്‍. മെഷീനുകളുടെ കമ്മിഷനിങ് നടത്തിയത് സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണ്. അധിക വോട്ടെന്ന ആരോപണം ശരിയല്ലെന്ന് കളക്‌ടര്‍ വ്യക്തമാക്കി. ആരോപണം അദ്ദേഹം തള്ളുകയും ചെയ്‌തു. വിഷയത്തിൽ ജില്ല കളക്‌ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
മെഷീന്‍ റീസ്‌റ്റാര്‍ട്ട് കൊടുത്തപ്പോള്‍ നേരത്തെ കൊടുത്ത പ്രിന്‍റ് ഉള്‍പ്പെടെ വന്നതാണ് തെറ്റിദ്ധാരണയുണ്ടാകാന്‍ കാരണമെന്നും, ഇക്കാര്യം സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരെ ബോധ്യപ്പെടുത്തിയതാണെന്നും, പൊരുത്തക്കേടുകള്‍ ഇല്ലെന്ന് ബോധ്യപ്പെടുത്തി ഒപ്പിട്ടു നല്‍കിയതാണെന്നും കളക്‌ടര്‍ വ്യക്തമാക്കി. സുതാര്യമായാണ് നടപടികള്‍ നടന്നതെന്നും നടപടി ക്രമങ്ങള്‍ സി സി കാമറകളില്‍ റെക്കോഡ് ചെയ്‌തിട്ടുണ്ടെന്നും കളക്‌ടര്‍ പറഞ്ഞു.
പോളിങ് ദിവസം രാവിലെയും സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ മോക് പോള്‍ നടക്കുമെന്നും തെറ്റായ പ്രചാരണം ശരിയല്ലെന്നും ആശങ്ക വേണ്ടെന്നും ആശങ്കയുണ്ടെങ്കില്‍ മോക്ക് പോള്‍ നടത്തി കാണിക്കാമെന്നും കലക്‌ടര്‍ പറഞ്ഞു.
അതേസമയം, ചില ഇവിഎമ്മുകള്‍ സ്വിച്ച് ഓണ്‍ ചെയ്‌തു കഴിയുമ്പോള്‍ സെല്‍ഫ് ചെക്കിങ് നടക്കുന്ന സമയത്ത് വിവിപാറ്റില്‍ സാധാരണ പ്രിന്‍റ് ചെയ്‌തു വരുന്ന സ്ലിപ്പുകള്‍ കൂടാതെ നോട്ട് ടു ബി കൗണ്ടഡ്, സ്‌റ്റാന്‍ഡേര്‍ഡൈസേഷന്‍ ഡണ്‍ വിവി പാറ്റ് നമ്പര്‍ എന്ന രേഖപ്പെടുത്തലോട് കൂടി ഒരു സ്ലിപ്പ് പ്രിന്‍റ് ചെയ്‌ത് വരുന്നുണ്ടെന്നും ഇവയുടെ താഴെ ബാലറ്റിലെ ഒന്നാമത്തെ സ്ഥാനാര്‍ഥിയുടെ ചിഹ്നം ഉള്‍പ്പെട്ട സ്ലിപ്പും പ്രിന്‍റ് ചെയ്‌ത് ലഭിക്കുന്നുണ്ടെന്നും അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍ കലക്‌ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ സ്ലിപ്പ് സാധാരണ മോക്ക് പോള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവി പാറ്റ് സ്ലിപ്പിനെക്കാള്‍ കൂടുതല്‍ നീളം ഉള്ളതായാണ് കാണുന്നതെന്നും അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷയത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഏജന്‍റ് നാസര്‍ ചെര്‍ക്കളവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഏജന്‍റ് എ രവീന്ദ്രനും അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. ആദ്യ റൗണ്ടിലെ പന്ത്രണ്ട് മെഷീനില്‍ മെഷീന്‍ ഓണ്‍ ചെയ്യുമ്പോള്‍ വരുന്ന പേപ്പര്‍ ബാലറ്റില്‍ താമര അടയാളം ഉള്‍പ്പെടുന്നതായി കാണാന്‍ കഴിഞ്ഞുവെന്നും ഇത്തരം മെഷീനുകള്‍ ഒഴിവാക്കി വിവി പാറ്റ് പരിശോധന പൂര്‍ത്തിയാക്കണമെന്നുമായിരുന്നു എ രവീന്ദ്രന്‍ പരാതിയില്‍ പറഞ്ഞിരുന്നത്.
താമരയ്ക്ക് ഒരു വോട്ട് ചെയ്‌താല്‍ വിവി പാറ്റ് എണ്ണുമ്പോള്‍ രണ്ട് വോട്ടുകള്‍ പ്രിന്‍റ് ചെയ്‌തു കാണുന്നുവെന്നും ഇത് വോട്ടെണ്ണല്‍ സമയത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ മെഷീനുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഏജന്‍റ് നാസര്‍ ചെര്‍ക്കളവും അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസം കാസര്‍കോട് ഗവ. കോളജില്‍ ഇ വി മെഷിന്‍ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ടു നടന്ന മോക് പോളിലാണ് മെഷീനുകളില്‍ പിഴവ് നടന്നതായി ആരോപണം ഉയര്‍ന്നത്. എന്നാല്‍ അധിക വോട്ട് രേഖപ്പെടുത്തിയതായി കാണുമ്പോള്‍ തന്നെ, നോട്ട് ടു ബി കൗണ്ടഡ് എന്നും രേഖപ്പെടുത്തിയിരുന്നു.
അതേസമയം കാസര്‍കോട് മോക്ക് പോളില്‍ ബിജെപിക്ക് വോട്ടു പോയെന്ന് ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തയുടെ ഉള്ളടക്കം തെറ്റാണെന്നും വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട് .
ബിജെപി സ്ഥാനാർഥിക്ക് ഒരു വോട്ട് ചെയ്‌താൽ വിവിപാറ്റ് എണ്ണുമ്പോൾ രണ്ടെണ്ണം ലഭിക്കുന്നുവെന്നായിരുന്നു പരാതി. വോട്ടിങ് മെഷീൻ കമ്മീഷനിങിന്‍റെ ഭാഗമായി നടന്ന മോക്പോളിന്‍റെ ആദ്യ മൂന്ന് റൗണ്ടിലാണ് പ്രശ്‌നമുണ്ടായത്. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തൂനോക്കണമെന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നിതിടെയാണ് കാസര്‍കോട്ടെ വിഷയം അഭിഭാഷനായ പ്രശാന്ത് ഭൂഷണ്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്.
Also Read: തെരഞ്ഞെടുപ്പിലെ യഥാർത്ഥ താരങ്ങൾ: കിങ് മേക്കേഴ്‌സായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ക്ക് വന്‍ ഡിമാന്‍ഡ്