പത്തനംതിട്ട: ശബരിമല റോപ് വേയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള റോപ്പ് വേ സംവിധാനത്തിന് താമസിയാതെ അനുമതി ലഭിക്കും. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂർത്തിയായി. അന്തിമാനുമതി ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ മണ്ഡല, മകരവിളക്ക് തീർത്ഥാടനകാല ഒരുക്കങ്ങൾ ആലോചിക്കാൻ ചൊവ്വാഴ്‌ച പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വാഹന പാർക്കിംഗിന് നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യം ഒരുക്കും. നിലവില്‍ എണ്ണായിരം വാഹനങ്ങള്‍ക്ക് ഇവിടെ പാർക്ക് ചെയ്യാം. രണ്ടായിരം വാഹനങ്ങള്‍ കൂടി പാർക്ക് ചെയ്യുന്നതിന് ഉടൻ സംവിധാനം ഒരുക്കും. പമ്പയിലും സന്നിധാനത്തും ചിലഘട്ടത്തില്‍ ഉണ്ടാവുന്ന തീർത്ഥാടകരുടെ അധിക തിരക്ക് ലഘൂകരിക്കാനും ചില നിർദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇവ ഉന്നത തലത്തില്‍ കൂടിയാലോചന നടത്തി വേണ്ട നടപടി കൈക്കൊള്ളും. വെർച്വൽ ക്യൂ ബുക്കിംഗുമായി ബന്ധപ്പെട്ട് തീർത്ഥാടകരുടെ സുഗമമായ ദർശനത്തിന് കൂടുതല്‍ ക്രമീകരണത്തിന് ചില നിർദേശം വന്നിട്ടുണ്ട്. ഇവയും പരിശോധിച്ച് നടപടി സ്വീകരിക്കും.
തീർഥാടകർക്ക് സുഗമമായ ദർശനത്തിന് വേണ്ട എല്ലാ നടപടിയും കൈക്കൊള്ളും. നിലവിലുള്ള കുറവുകൾപരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്‍റ്, അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Also Read: 'മകരവിളക്ക് ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും': മന്ത്രി വി എന്‍ വാസവന്‍