തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ തോട്ടം ആലുമൂട് വീട്ടിൽ ചെല്ലമ്മ മകൾ ശാന്തകുമാരി(74) യെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്‌ത ശേഷം മൃതദേഹം ഒളിപ്പിച്ച കേസിൽ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾക്ക് തൂക്കു കയർ. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്‌ജി എ എം ബഷീറാണ് വിധി പ്രസ്‌താവിച്ചത്. പ്രതികൾ കുറ്റക്കാരെന്ന് കോടതി നിരീക്ഷിച്ചു.
ഒന്നാം പ്രതി വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ റഫീക്ക (51 ) , രണ്ടാം പ്രതി പാലക്കാട് ജില്ലയിൽ പട്ടാമ്പി വിളയൂർ വള്ളികുന്നത്തു വീട്ടിൽ അൽഅമീൻ (27 ) ,മൂന്നാം പ്രതിയും ഒന്നാം പ്രതുയുടെ മകനുമായ ഷെഫീഖ് ( 27)എന്നിവരെയാണ് ഐപിസിയിലെ 120(ബി),342,302,201,397 എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ,കവർച്ച എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.
14 ജനുവരി 2022 ന് പകൽ 9 മണിക്കാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരിയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യാൻ അയൽപക്കത്ത് വാടകക്കാരായി വന്ന പ്രതികൾ ഗൂഢാലോചന നടത്തി കൃത്യം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുകയായിരുന്നു. അതിനായി പ്രതികളുടെ വസ്‌ത്രങ്ങളും മറ്റും രണ്ടാം പ്രതിയുടെ പാലക്കാട്ടുള്ള വീട്ടിലേക്കു കൃത്യത്തിന് രണ്ടാഴ്‌ച മുന്നേ കൊണ്ടുവന്നിരുന്നു.
വിധവയായ ശാന്തകുമാരി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മകൻ ഹോട്ടൽ വ്യവസായിയും, മകൾ ആന്ധ്രാപ്രദേശിലുമാണ്. ഒന്നാം പ്രതി റഫീക്കയുമായി സൗഹൃദത്തിലേർപ്പെട്ട ശേഷം ശാന്തകുമാരിയെ കൃത്യ നടന്ന ദിവസം പ്രതികൾ താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ചു വരുത്തി തടഞ്ഞു നിർത്തി രണ്ടും മൂന്നും പ്രതികൾ തുണി കൊണ്ടുള്ള കുരുക്കിട്ട് കഴുത്തു ഞെരിച്ചപ്പോൾ ഒന്നാം പ്രതി ഒരു ഇരുമ്പ് ചുറ്റിക കൊണ്ട് ശാന്തകുമാരിയെ തലയ്ക്കടിച്ചും, തുടർന്ന് രണ്ടാം പ്രതി അതേ ചുറ്റിക ഉപയോഗിച്ച് നെറ്റിയിലും തലയുടെ മറ്റു ഭാഗങ്ങളിലും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹത്തിൽ നിന്നും പിന്നീട് സ്വർണ്ണാഭരണങ്ങൾ മോഷ്‌ടിച്ചു. മൃതദേഹം വീടിൻ്റെ തട്ടിൻ പുറത്തെ മേൽക്കൂരയ്ക്ക് ഇടയിൽ ഒളിപ്പിക്കുകയായിരുന്നു. പ്രതികൾ മൂവരും ചേർന്ന് അന്നേ ദിവസം തന്നെ സ്വർണം വിറ്റു. തുടർന്ന് പ്രതികൾ തിരുവനന്തപുരത്ത് ഹോട്ടലിൽ മുറി എടുത്തു താമസിച്ചു.ജനുവരി 14 ന് രാത്രി തിരുവനന്തപുരത്തു നിന്നും തൃശൂർ പോകുന്ന ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതികളെ വിഴിഞ്ഞം പൊലീസ് കഴക്കൂട്ടത്തു വച്ച് കസ്‌റ്റഡിയിൽ എടുക്കുന്നത്.
സിസിടിവി ദൃശ്യങ്ങൾ ഈ കേസിൻ്റെ അന്വേഷണത്തിൽ നിർണ്ണായക തെളിവായി. സ്വർണാഭരണങ്ങളുടെ കുറെ ഭാഗം ജ്വല്ലറിയിൽ നിന്നും ബാക്കി ഉള്ളവ പ്രതികളുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതികൾ മൂവരും ഈ കേസിന് കൃത്യം ഒരു വർഷം മുൻപ് 2021 ജനുവരി 14 ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമാന രീതിയിൽ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്. ഈ കേസിലെ മൂന്നാം പ്രതി ഷെഫീഖ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലും പ്രതിയാണ്.
Also Read: സംശയത്തിന്‍റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ