തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ലാഭകരമാകുന്നത് വരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നല്‍കേണ്ട വയബിലിറ്റി ഗാപ്പ് ഫണ്ട് അഥവാ വിജിഎഫ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ്റെ സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞത്തിൻ്റെ കാര്യത്തില്‍ കേന്ദ്രത്തിൻ്റേത് പകപോക്കല്‍ നയമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജിഎഫുമായി ബന്ധപ്പെട്ടെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് നല്‍കിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അയച്ച കത്തിലാണ് ഇതുള്ളത്. ഇത്രയും കാലം കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഗ്രാൻ്റിൻ്റെ കാര്യത്തില്‍ പുലര്‍ത്തി വന്ന നയത്തില്‍ നിന്നുള്ള വ്യതിയാനമാണ് ഈ തീരുമാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിജിഎഫ് വിഭാവനം ചെയ്‌തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാൻ്റായി നല്‍കുന്നതാണ്. വായ്‌പയായി പരിഗണിക്കേണ്ടതല്ല. വിജിഎഫ് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സംയുക്തമായി നല്‍കാന്‍ തീരുമാനിച്ചതാണ്. കേന്ദ്ര വിഹിതമാണ് 817.80 കോടി രൂപ. സംസ്ഥാന വിഹിതം 817.20 കോടി രൂപയാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോര്‍ട്ട് കമ്പനിക്ക് നല്‍കും. കേന്ദ്രം നല്‍കുന്ന തുക വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ കമ്പനിക്ക് (വിസില്‍) ലാഭവിഹിതം ലഭിച്ച് തുടങ്ങുമ്പോള്‍ അതിൻ്റെ ഇരുപത് ശതമാനം വെച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നതാണ് വ്യവസ്ഥ വെച്ചിരിക്കുന്നത്.
അതിനര്‍ഥം ഇപ്പോള്‍ നല്‍കുന്ന തുക 817.80 കോടി രൂപയാണെങ്കില്‍ തിരിച്ചടവിൻ്റെ കാലയളവില്‍ പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10000 - 12000 കോടി രൂപയായി തിരിച്ചടയ്ക്കണം എന്നാണ്. കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ നല്‍കിയ തുക സംസ്ഥാന സര്‍ക്കാരിന് നല്‍കിയ വായ്‌പയായി വ്യാഖ്യാനിക്കുകയും അതിൻ്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിൻ്റെ തലയില്‍ കെട്ടിവയ്ക്കുകയുമാണ് ചെയ്യുന്നത്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിൻ്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണ്.
വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാരും അദാനി കമ്പനിയും തുക നല്‍കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍ തിരിച്ചടയ്ക്കാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ വേണമെന്നാണ് വിചിത്രമായ നിബന്ധന. രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമ്പോഴാണ് കേരളത്തിന് മേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്. ഈ വിഷയത്തിലാണ് മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍ മറുപടിയില്‍ വിഴിഞ്ഞത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത് ഗ്രാൻ്റ് അല്ല മറിച്ച് വായ്‌പ ആണെന്ന് വ്യക്തമാക്കുകയാണ്.
വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ച ഒറ്റ പ്രോജക്‌ടിന് പോലും തിരിച്ചടവ് നിബന്ധന നാളിത് വരെ കേന്ദ്ര സര്‍ക്കാര്‍ വച്ചിരുന്നില്ല. കൊച്ചിമെട്രോയ്‌ക്ക് വേണ്ടി വിജിഎഫ് അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വിജിഎഫിൻ്റെ തന്നെ സ്റ്റാന്‍ഡേര്‍ഡ് ഗൈഡ് ലൈനിന് വിരുദ്ധമാണ്. കൊമേഷ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിഴിഞ്ഞത്ത് 70 കപ്പലുകള്‍ വന്ന് പോയി. ഇതുവരെ വിവിധ ഇനങ്ങളിലായി 182ൽപ്പരം കോടി രൂപ ജിഎസ്‌ടി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു.
കൊമേഷ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനകം തന്നെ കേന്ദ്രം മുടക്കുന്ന വിജിഎഫ് ഫണ്ട് ജിഎസ്‌ടി വിഹിതമായി കേന്ദ്ര സര്‍ക്കാരിലേക്ക് ലഭിക്കും എന്നിരിക്കെയാണ് പുതിയ സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളവും വിജിഎഫ് ഗ്രാൻ്റ് വിഴിഞ്ഞത്തിനായി നല്‍കുന്നുണ്ട്. അതിന് പുറമേ 4777.14 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനും അനുബന്ധ സൗകര്യത്തിനുമായി മുടക്കുന്നത്.
ബ്രേക്ക് വാട്ടറും ഹാര്‍ബര്‍ നിര്‍മാണത്തിനുമായി 1726.34 കോടിയും ഭൂമി ഏറ്റെടുക്കാന്‍ 1115.73 കോടിയും വൈദ്യുതി, ജലസ്രോതസുകള്‍ എന്നിവയുടെ നിര്‍മാണത്തിന് 76.77 കോടിയും സോഷ്യല്‍ വെല്‍ഫെയറിനായി 123.6 കോടിയും കണ്‍സള്‍ട്ടന്‍സി, പ്രോജക്‌ട് അഡ്‌മിനിസ്‌ട്രേഷന്‍ എന്നിവയ്ക്കായി 135 കോടിയും നിര്‍മാണ ഘട്ടത്തിലെ പലിശക്കായി 278.8 കോടിയും റെയില്‍ കണക്‌ടിവിറ്റിക്കായി 1213.66 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നു. ഇത്രയും തുക സംസ്ഥാനം മുടക്കുന്നത് കൊണ്ടാണ് ലാഭവിഹിതം കേരളത്തിന് കൂടുതല്‍ ലഭിക്കുന്നത്. കേരളം വിജിഎഫ് ഗ്രാൻ്റ് നല്‍കുന്നത് വിഴിഞ്ഞത്തിൻ്റെ വികസനത്തിന് വേണ്ടി മാത്രമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരിച്ച് ലഭിക്കേണ്ടാത്ത തുകയായി തന്നെയാണ് സംസ്ഥാനത്തിൻ്റെ വിജിഎഫ് വിഹിതത്തെ കേരളം കാണുന്നതും. എന്നാല്‍ കേന്ദ്രത്തിൻ്റെ വിജിഎഫ് വിഹിതത്തില്‍ ലാഭവിഹിതം വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയാണ്. നാളിതുവരെ തുറുമുഖ നിര്‍മാണത്തിനായി തിരിച്ചടക്കേണ്ടാത്ത ഗ്രാൻ്റായി നല്‍കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ലാഭവിഹിതം ചോദിക്കുന്നത് ഇതാദ്യമായാണ്. തൂത്തുക്കുടി തുറമുഖത്തിൻ്റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിയ്‌ക്ക് 1411 കോടി രൂപ വിജിഎഫ് അനുവദിച്ചപ്പോള്‍ സമാനമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
തൂത്തുക്കുടി തുറമുഖത്തിന് നല്‍കിയ അതേ പരിഗണന വിഴിഞ്ഞത്തിനും നല്‍കണം എന്നതായിരുന്നു കേരളത്തിൻ്റെ ആവശ്യം. എന്നാല്‍ തൂത്തുക്കുടി തുറുമുഖത്തെയും വിഴിഞ്ഞത്തെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് പുതിയ വാദം. വളരെ മിതമായ വിലയിരുത്തലില്‍ പോലും ഇന്ത്യാ ഗവണ്‍മെൻ്റിന് പ്രതിവര്‍ഷം 6000 കോടി രൂപയുടെ അധിക വരുമാനം വിഴിഞ്ഞം തുറമുഖം വഴി ലഭിക്കും. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന് മേല്‍ അധിക ബാധ്യത ചുമത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.
വിജിഎഫ് തിരിച്ചടവ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിലപാട് സ്വീകരിച്ചതോടെ ഇത്രയധികം തുക ഇനി കേരളം സ്വന്തം നിലയില്‍ കണ്ടെത്തേണ്ട അവസ്ഥയാണ്. നിബന്ധന അംഗീകരിച്ചാല്‍ തുച്ഛമായ തുക മുടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വലിയ ലാഭവിഹിതം പിടിച്ചടക്കുന്ന അവസ്ഥയാണുണ്ടാവുക. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പകപോക്കല്‍ സമീപനം വിഴിഞ്ഞത്തിൻ്റെ കാര്യത്തിലും തുടരുകയാണ് എന്നാണ് മനസിലാക്കേണ്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
Also Read: വയനാട് പുനരധിവാസ ധനസഹായം: 'കേന്ദ്രം കേരളത്തെ അവഗണിക്കുന്നു', കണക്കുകള്‍ നിരത്തി രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി