തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ജില്ലാ കലക്‌ടർ വിളിച്ച സർവകക്ഷി യോഗം ഉടൻ ചേരും. മന്ത്രി വി ശിവൻകുട്ടി, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും അദാനി ഗ്രൂപ്പ് പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് അനന്തു എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെ ടിപ്പർ ലോറികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കർശനമായി നിരീക്ഷിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ നാട്ടുകാരും ജനപ്രതിനിധികളും ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ജില്ലാ കലക്‌ടർ സർവകക്ഷി യോഗം വിളിച്ചത്.
വിഴിഞ്ഞത്താണ് യോഗം നടക്കുക. അനന്തുവിന്‍റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് നഷ്‌ടപരിഹാരം നൽകണമെന്ന ആവശ്യവും യോഗത്തിൽ മുന്നോട്ട് വെക്കും. ചൊവ്വാഴ്‌ച (19-03-2024) രാവിലെ 8 മണിയോടെ മുക്കോല - ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് അപകടം ഉണ്ടായത്. ഈ സമയം അനന്തു സ്‌കൂട്ടറിൽ കോളജിലേക്ക് പോകുകയായിരുന്നു.
ടിപ്പർ ലോറിയിൽ നിന്ന് കല്ല് അനന്തുവിന്‍റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിക്കുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ നെഞ്ചിന്‍റെ ഭാഗത്തെ എല്ലുകൾ പൊട്ടുകയും ഹൃദയം, കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.