കാസർകോട്: പടക്കം പൊട്ടിച്ചും കണിയൊരുക്കിയും വിഷു ആഘോഷിക്കുകയാണ് മലയാളികൾ. നന്മകൾ നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാർഥനയും പ്രതീക്ഷയുമായാണ് ഓരോ മലയാളിയും വിഷു ആഘോഷങ്ങൾക്ക് നിറമേകുന്നത്. എന്നാൽ വിഷുക്കാലത്ത് നമ്മൾ ഓർക്കാത്തൊരാളുണ്ട്, 'വിഷുപ്പക്ഷി'.
ഇങ്ങനെയൊരു പക്ഷി ഉണ്ടോ എന്നുപോലും ഒരുപക്ഷേ ഇന്നത്തെ തലമുറയ്‌ക്ക് അറിയാനിടയില്ല. എന്നാൽ വിഷുക്കാലത്തിന്‍റെ വരവറിയിച്ചുകൊണ്ട് ഈ പക്ഷികൾ നമ്മുടെ നാട്ടിലേക്ക് ഇപ്പോഴും എത്താറുണ്ട്. കവികളും സിനിമാഗാന രചയിതാക്കളും ഒട്ടേറെ തവണ മലയാളികൾക്ക് മുന്നിൽ എത്തിച്ച വിഷുപ്പക്ഷിയെ കാസർകോട് എത്തിയാൽ കാണാം.
കാസർകോട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറും പക്ഷി നിരീക്ഷകനുമായ കെ ഇ ബിജുമോൻ വിഷുപ്പക്ഷിയെ കണ്ടെത്തുകയും ചിത്രം പകർത്തുകയും ചെയ്‌തിട്ടുണ്ട്. വിഷുപ്പക്ഷി, ഉത്തരായണക്കിളി, കതിരു കാണാക്കിളി, അച്ഛൻ കൊമ്പത്ത്, ഉപ്പൻ തുടങ്ങി പല പേരുകളിലും ഈ പക്ഷി നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്നു. പ്രധാനമായും വിഷു കാലത്തിനോട് അടുത്താണ് ഈ കിളിയുടെ ശബ്‌ദം കേട്ടു തുടങ്ങുന്നത്. അങ്ങനെയാണ് ഇവയ്‌ക്ക് വിഷുപ്പക്ഷി എന്ന പേര് ലഭിക്കാൻ കാരണം.
വളരെ ദൂരേ വരെ ഇവയുടെ ശബ്‌ദം കേൾക്കാം. എന്നാൽ കണ്ട് മുട്ടാൻ പ്രയാസമാണ്. സാധാരണ ഉയരമുള്ള മരങ്ങളുടെ തുഞ്ചത്ത് ഇരുന്ന് കൊണ്ടാണ് ഇവ പാടുക.
പക്ഷിയുടെ കൂവലിനു നാല് പല്ലവികൾ ഉണ്ട്. അത് കേട്ടാൽ 'ചക്കയ്‌ക്കുപ്പുണ്ടോ' എന്ന് പാടും പോലെ തോന്നും. 'നിവേദ്യം' സിനിമയിലെ ആ പാട്ട് ഓർമയില്ലേ? 'ചിറ്റാറ്റിൻ കാവിൽ ഉപ്പൻ ചോദിച്ചു, ചിത്തി ചിറ്റമ്മേ ചക്കയ്‌ക്കുപ്പുണ്ടോ...''.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്ക് ഭാഗം, റഷ്യ എന്നിവിടങ്ങളിലാണ് ഈ പക്ഷികൾ കാണപ്പെടുന്നത്. ഇന്ത്യൻ കുക്കു എന്നാണ് ഇംഗ്ലീഷ് പേര്. കക്കൂലസ് മൈക്രോപെട്രസ് എന്നാണ് ശാസ്‌ത്രീയ നാമം. ആൺ - പെൺ പക്ഷികൾ ഏതാണ്ട് ഒരുപോലെ ആണ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് ഇവയുടെ മുട്ടയിടുന്ന കാലം.