തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണാനായതിന്‍റെ സന്തോഷത്തിലാണ് അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ നിഖിൽ (Viral boy Nikhil met governor Arif Mohammed Khan). അമ്മ ഷീബയ്ക്കും സഹോദരൻ അപ്പുവിനുമൊപ്പമാണ് നിഖിൽ രാജ്ഭവനിൽ എത്തിയത്. തിരുവനന്തപുരം സെന്‍റ് തോമസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് നിഖിൽ വിനോദ് ചന്ദ്ര.
പാർക്കിൻസൺസ് രോഗം ബാധിച്ച അമ്മ ഷീബയ്ക്കും ഓട്ടിസം ബാധിച്ച സഹോദരനും ഏക ആശ്രയം നിഖിൽ ആണ്. ഒമ്പത് വയസായിരുന്നപ്പോഴാണ് നിഖിലിന് അച്ഛനെ നഷ്‌ടമാവുന്നത്. ഇന്ന് തന്‍റെ പഠനത്തിനൊപ്പം കുടുംബത്തെ പരിപാലിക്കുന്നതും നിഖിലാണ്.
രാജ്‌ഭവനിൽ കുടുംബത്തെ സ്വീകരിച്ച ശേഷം ഗവർണർ നിഖിലിനെ അനുമോദിക്കുകയും വീട്ടിലെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നടത്തുന്ന നിഖിലിനെ അഭിനന്ദിക്കുകയും ചെയ്‌തു. ഗവർണർ കുടുംബത്തെ ആശ്വസിപ്പിക്കുകയും, സാധ്യമായ എല്ലാ സഹായവും വാഗ്‌ദാനം നൽകുകയും ചെയ്‌തു.
രോഗിയായ അമ്മയെയും 70 ശതമാനത്തോളം ഓട്ടിസം ബാധിച്ച അനിയനെയും പരിപാലിക്കുന്ന നിഖിൽ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 2015ൽ ഹൃദയാഘാതം മൂലമാണ് നിഖിലിന്‍റെ അച്ഛൻ മരണപ്പെടുന്നത്. കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിലും നിഖിൽ പഠനത്തെ കൈവിടാതെ പിടിക്കുകയാണ്.