തിരുവനന്തപുരം: വയലനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് കുടുംബം. മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്നും ബാലഭാസ്‌കറിന്‍റെ പിതാവ് കെസി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. സിബിഐയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് പിതാവ് ഉന്നയിച്ചത്.
സിബിഐ സ്വാധീനത്തിന് വഴങ്ങിയെന്നും കേസ് പിൻവലിക്കാൻ ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്‍ തന്നെ സമീപിച്ചിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. ബാലഭാസ്‌കറിന്‍റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പിടിയിലായതിന് പിന്നാലെയാണ് കുടുംബത്തിന്‍റെ ആരോപണം. പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ചാ കേസിലാണ് ബാലഭാസ്‌കറിന്‍റെ മുന്‍ ഡ്രൈവര്‍ അര്‍ജുന്‍ അറസ്‌റ്റിലായത്.
സിബിഐയും കള്ളക്കടത്ത് സംഘത്തിന്‍റെ സ്വാധീനത്തിന് വഴങ്ങിയെന്ന് പിതാവ് ആരോപിച്ചു. അതേസമയം, അപകടമുണ്ടായ ദിവസം ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് കാണിച്ച് അര്‍ജുനും കേസ് കൊടുത്തിട്ടുണ്ട്. ഒരുകോടി 33 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് കൊടുത്തത്.
'ബാലഭാസ്‌കറിന്‍റെ കൊലപാതകത്തിന് പിന്നില്‍ സ്വര്‍ണക്കടത്തുകാരും അതുമായി ബന്ധപ്പെട്ടവരുമാണ്. ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. പുതിയ കേസിന്‍റെ പശ്ചാത്തലത്തില്‍ നിയമനടപടി തുടരുമെന്നും' കെസി ഉണ്ണി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അര്‍ജുന്‍ നേരത്തെ തന്നെ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നും ബാലഭാസ്‌കറിന്‍റെ അച്‌ഛന്‍ പ്രതികരിച്ചു. അപകടം ഉണ്ടായ ശേഷമാണ് കേസുകളെ കുറിച്ച് അറിഞ്ഞത്. ബാലഭാസ്ക്കറിന്‍റെ കാര്‍ അപകടത്തില്‍പെടുമ്പോള്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അര്‍ജുന്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പിടിയിലായ കാര്യം അഭിഭാഷകന്‍ മുഖേന സിബിഐയെ അറിയിക്കുമെന്ന് കെസി ഉണ്ണി പറഞ്ഞു. അതേസമയം ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മി തങ്ങളുമായി ഒരു ബന്ധവും പുലര്‍ത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം എന്താണെന്ന് പുറത്തുവരും വരെ നിയമ പോരാട്ടം തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനമെന്നും കെസി ഉണ്ണി കൂട്ടിച്ചേർത്തു.