കോഴിക്കോട്: 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റിനെ വിജിലൻസ് പിടികൂടി. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ് സി കെ സാനു ആണ് പിടിയിലായത്. കല്ലായി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പരാതിക്കാരന്‍റെ സുഹൃത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ 'പുനര്‍ ഗേഹം' പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിര്‍മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്തിന്‍റെ ലൊക്കേഷന്‍ സ്‌കെച്ചിനായി ഫെബ്രുവരി എട്ടിന് പന്നിയങ്കര വില്ലേജില്‍ അപേക്ഷ നല്‍കി. ആ ദിവസം തന്നെ വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ് സാനു സ്ഥലപരിശോധനയ്‌ക്ക് എത്തിയിരുന്നു. തുടര്‍ന്ന്, തനിക്ക് 500 രൂപ കൈക്കൂലിയായി നല്‍കിയാല്‍ മാത്രമെ ലൊക്കേഷൻ സ്കെച്ച് നല്‍കുകയുള്ളൂവെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.
ഇതേതുടര്‍ന്ന് പരാതിക്കാരന്‍ വിവരം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇ. സുനിൽ കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം സാനുവിനെ പിടികൂടാനായി കെണിയൊരുക്കി. തുടര്‍ന്ന് വില്ലേജ് ഓഫിസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും തുക കൈപ്പറ്റവെ വിജിലന്‍സ് സംഘം സാനുവിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ പിന്നാലെ കോഴിക്കോട് വിജിലന്‍സ് കോടതിയിലും ഹാജരാക്കിയിരുന്നു.