കോഴിക്കോട്: ഉരുള്‍പൊട്ടലിൽ തകർന്ന വിലങ്ങാട് വീണ്ടും ക്വാറി പ്രവർത്തിപ്പിക്കാൻ നീക്കം.മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കല്‍ ക്വാറിയിൽ വീണ്ടും ഖനനം തുടങ്ങാന്‍ നീക്കം നടക്കുന്നതായി പരാതി. ഉരുള്‍പൊട്ടി ക്വാറിയിലടിഞ്ഞ കല്ലും മണ്ണും, മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്‌ത് തുടങ്ങി. ക്വാറിയിലെ റോഡുകള്‍ പുനര്‍നിര്‍മിച്ച് വാഹനങ്ങളുള്‍പ്പെടെ എത്തിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
2024 മാർച്ച് വരെ ഖനനം നടന്ന ക്വാറിയിൽ നിന്ന് ദിനംപ്രതി 40 ലോഡ് വരെ കരിങ്കല്ലായിരുന്നു പൊട്ടിച്ച് കൊണ്ടുപോയിരുന്നത്. ഇതിന് സിഐടിയു പ്രവർത്തകർ നോക്കുകൂലി വാങ്ങിയിരുന്നതായും നാട്ടുകാർ പറഞ്ഞു.
'ദിനം പ്രതി കണക്കിൽ പെടാത്ത കരിങ്കല്ലാണ് പൊട്ടിച്ച് പോയത്. സിഐടിയുക്കാരുടെ സഹകരണത്തോടെയാണ് എല്ലാ പ്രവർത്തനങ്ങളും. ഉച്ചവരെ ക്വാറിയിൽ നിന്ന് നോക്കുകൂലി വാങ്ങി അവർ മടങ്ങും. പിന്നെയെല്ലാം തോന്നിയ പോലെയാണ്. ഒടുവിൽ ലൈസൻസ് റദ്ദായി. ഇനി വീണ്ടും അത് പുതുക്കിയോ എന്നറിയാൻ വിവരാവകാശ അപേക്ഷ നൽകും. ക്വാറിക്കെതിരെ അടുത്ത ദിവസം ജനകീയ പ്രതിഷേധം നടത്തും' പ്രദേശവാസിയായ സതീഷൻ ഇടിവി ഭാരതിനോട് പറഞ്ഞു.
വിലങ്ങാട് ഉരുള്‍പൊട്ടലിന് പിന്നാലെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച വാണിമേല്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ മലയങ്ങാട് മലയിലാണ് കമ്പിളിപ്പാറ ക്വാറി. ക്വാറിയുടെ മുകളിലും സമീപത്തുമായി പലയിടത്തും കഴിഞ്ഞ ജൂലൈയിൽ ഉരുള്‍പൊട്ടിയിരുന്നു. ഇതിനെതുടർന്ന് സമീപത്തെ വീടുകളും തകര്‍ന്നിരുന്നു. റോഡും പാലവും തകര്‍ന്ന് ദിവസങ്ങളോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഈ പ്രദേശം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്വാറിയില്‍ വന്നടിഞ്ഞ കല്ലും മണ്ണും മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് നീക്കുകയാണ് തൊഴിലാളികള്‍. ക്വാറിയിലെ റോഡും കഴിഞ്ഞ ദിവസം പുനര്‍നിര്‍മ്മിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ക്വാറിയുടെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണ്. പ്രദേശത്ത് നിന്നും വീടുകളൊഴിഞ്ഞു പോയവര്‍ തിരികെയെത്തും മുമ്പ് അനധികൃതമായി ഖനനം തുടങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ആദിവാസി കുടുംബങ്ങളുള്‍പ്പെടെ താമസിക്കുന്ന നിരവധി വീടുകളാണ് ക്വാറിയുടെ താഴ്ഭാഗത്തുള്ളത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അതേസമയം ക്വാറി വൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിശദീകരണമാണ് ക്വാറി അധികൃതർ നല്‍കുന്നത്.
അതിനിടെ പഞ്ചായത്ത് സെക്രട്ടറി അടക്കം എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുകയാണ്. ദുരന്തബാധിത പ്രദേശത്ത് പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത്, കഴിഞ്ഞ ഒരാഴ്‌ചയായി ഉദ്യോഗസ്ഥരില്ല. ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർ വാടക വീട്ടിലും മറ്റും കഴിയുമ്പോഴാണ് പുനരധിവാസ പ്രവർത്തനങ്ങൾ നിലച്ചത്.