പാലക്കാട് : ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വേണാട് എക്‌സ്പ്രസ് തൃശൂരില്‍ ഇനി അഞ്ച് മിനുട്ട് നില്‍ക്കും. നിലവിലുള്ള സ്റ്റോപ്പേജ് ടൈം രണ്ട് മിനുട്ടായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് 2.35-ന് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ് നേരത്തെ 3.11-ന് ആയിരുന്നു തൃശൂരില്‍ എത്തിയിരുന്നത്. ഇനിമുതല്‍ രണ്ട് മിനുട്ട് നേരത്തെയെത്തുന്ന ട്രെയിന്‍ 3.14-ന് ആയിരിക്കും തൃശൂര്‍ സ്റ്റേഷന്‍ വിടുക. നിശ്ചിത സമയമായ 10 മണിക്ക് തന്നെ തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസും ഇനി തൃശൂരില്‍ അഞ്ച് മിനുട്ട് നില്‍ക്കും. രാവിലെ 5.25-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നേരത്തെ 11.18-ന് ആയിരുന്നു തൃശൂരില്‍ എത്തിയിരുന്നത്. ഇനി രണ്ട് മിനുട്ട് നേരത്തെ എത്തും. മൂന്ന് മിനുട്ട് സ്റ്റോപ്പേജ് ടൈം ഉണ്ടായിരുന്നതാണ് അഞ്ചു മിനുട്ടാക്കി ഉയര്‍ത്തിയത്. തൃശൂരില്‍ നിന്ന് 11.21-ന് പുറപ്പെടുന്ന ട്രെയിന്‍ 12.25-ന് ഷൊര്‍ണൂരിലേക്കെത്തും.
തൃശൂര്‍ എംപിയായി സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്തിയതോടെ തൃശൂരിലെ റെയില്‍ വേ വികസന പ്രവൃത്തികള്‍ക്കും വേഗം വെച്ചിരുന്നു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ സ്റ്റേഷന്‍ നവീകരണത്തിന് 393.57 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതിന്‍റെ ആദ്യ ഗഡു ഉടന്‍ എത്തുമെന്ന് സൂചനകളുണ്ട്.
തൃശൂരില്‍ ഉയരാന്‍ പോകുന്ന നിര്‍ദിഷ്‌ട റെയില്‍വേ സ്റ്റേഷന്‍റെ മാതൃക ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ അവരുടെ എക്‌സ് ഹാന്‍ഡിലിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 54,330 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള പുതിയ സ്റ്റേഷന്‍ കെട്ടിടത്തില്‍ 19 ലിഫ്റ്റുകളും 10 എസ്‌കലേറ്ററുകളും ഉണ്ടാവും. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യം അടക്കം പ്രയോജനപ്പെടുത്തി തൃശൂരില്‍ 10653 സ്ക്വയര്‍ ഫീറ്റ് വിസ്‌തൃതിയില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യം ഒരുങ്ങും.11 ടിക്കറ്റ് കൗണ്ടറുകളും പുതിയ തൃശൂര്‍ സ്റ്റേഷനുണ്ടാവും.