തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ എന്ന നിലയിൽ ഇപി ജയരാജൻ രണ്ടടി പിന്നോട്ടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇപി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു വെള്ളാപ്പളളി നടേശന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇത്തരത്തിലുള്ള വിവാദം ഒഴിവാക്കാമായിരുന്നു.
ജാവദേക്കറിനെ ഇപി ജയരാജന്‍ കണ്ടതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് ആരെയും കാണാം. ഇപി എൽഡിഎഫ് കൺവീനർ എന്ന നിലയിൽ പിന്നോട്ടാണ്. വലിയ നിലപാടൊന്നും സ്വീകരിക്കാൻ സാധിച്ചിട്ടില്ല. പാർട്ടിയിൽ പറഞ്ഞിട്ടാണ് ജാവദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും രാഷ്ട്രീയ നേതാക്കൾ പരസ്‌പരം കാണാറുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി നയം അനുസരിച്ച് അത് പാർട്ടിയിൽ പറഞ്ഞിട്ടില്ലെങ്കിൽ തെറ്റാണ്. ഇപി ബിജെപിയിലേക്ക് പോകുമോ എന്നൊന്നും പറയാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ പെട്ടി പൊട്ടിക്കാതെ അഭിപ്രായം പറ്റില്ല. എല്ലായിടത്തും കടുത്ത മത്സരമാണ് നടന്നത്.
തിരുവനന്തപുരത്ത് ആര് ജയിക്കുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണ്. കോൺഗ്രസിനു മുൻതൂക്കം ഉണ്ടെങ്കിലും കഴിഞ്ഞ തവണത്തെ അത്ര സീറ്റ് കിട്ടില്ല. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ വോട്ട് കൂടുതൽ നേടും. ശോഭ പിടിക്കുന്ന കൂടുതൽ വോട്ടിന്‍റെ ഗുണം എൽഡിഎഫ് സ്ഥാനാർഥി എഎം ആരീഫിന് ആയിരിക്കും.
ALSO READ: ഇപി-ജാവ്ദേക്കര്‍ കൂടിക്കാഴ്‌ച; ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറി എംവി ഗോവിന്ദൻ
കേരളത്തിൽ ബിജെപിക്ക് അഞ്ചു സീറ്റ് കിട്ടുമെന്നത് അവരുടെ ആഗ്രഹം മാത്രമാണ്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ജയിക്കുമോയെന്ന് എനിക്ക് അറിയില്ല. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. എൻഡിഎ വോട്ട് സംസ്ഥാനത്ത് കൂടും. എൽഡിഎഫും യുഡിഎഫും മത്സരിച്ച് ന്യൂനപക്ഷ പ്രീണനം നടത്തുകയാണ്.
അതുകൊണ്ട് ഭൂരിപക്ഷ ജനങ്ങളിൽ കുറച്ചു പേർ എൻഡിഎക്കൊപ്പം പോകും. തുഷാർ വെള്ളപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള ഒരു സാധ്യത ഇല്ല. മത്സരിക്കേണ്ട എന്നാണ് താൻ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.