കൊല്ലം: പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ സംഭവത്തില്‍ ഇ പി ജയരാജനെ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ കാര്യം ഇ പി ജയരാജൻ പാർട്ടിയിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു. ശോഭ സുരേന്ദ്രൻ ഉന്നയിച്ച കാര്യങ്ങളില്‍ ശരി ഉണ്ടെന്ന് ഇ പി തന്നെ സമ്മതിച്ചതാണെന്നും വെള്ളാപള്ളി പറഞ്ഞു.
കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ പ്രധാന നേതാവാണ് ഇ പി.ജയരാജൻ. അങ്ങനെയൊരാൾ ഒരു കാരണവശാലും അങ്ങനെ പോകാൻ പാടില്ലായിരുന്നുവെന്നും വെള്ളാപള്ളി പറഞ്ഞു. സുരേഷ് ഗോപി തോൽക്കുമെന്ന് സുരേഷ് ഗോപിയുടെ സംസാരത്തിൽ നിന്ന് മനസ്സിലായതാണ് അതിൻ്റെ പേരിൽ തന്നെ ക്രൂശിക്കണ്ടന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ തവണത്തെക്കാൾ വളർച്ച എൻഡിഎയ്ക്ക് ഉണ്ടാകും. തുഷാർ വെള്ളാപ്പള്ളി തോൽക്കുമെന്നല്ല പറഞ്ഞത്. എല്ലാ ഈഴവരും വോട്ട് ചെയ്‌താൽ തുഷാർ ജയിക്കും എന്നാൽ എല്ലാ ഈഴവരും വോട്ട് ചെയ്യില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
എൻ കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ലന്നും അദ്ദേഹം വ്യക്‌തമാക്കി. മുകേഷ് ഈഴവൻ ആയതുകൊണ്ട് എല്ലാവരും വോട്ട് ചെയ്യണമെന്നില്ല. ആലപ്പുഴയിൽ കടുത്ത മത്സരമാണ് നടന്നത് കെ സി വേണുഗോപാൽ വന്നതാണ് അതിനു കാരണം. ശോഭാ സുരേന്ദ്രനും നല്ല മത്സരമാണ് കാഴ്‌ചവെച്ചതെന്നും വെള്ളാപള്ളി നടേശൻ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.