തിരുവനന്തപുരം: മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഒരു മുസ്‌ലിം മത സംഘടനയും അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇതു പരിഗണിച്ച് നിലവിലെ താമസകാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു.
600 ല്‍ അധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സർക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 404 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നിയമനടപടികളുമായി മുന്നോട്ടു വന്നതാണ് തീരദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകാന്‍ കാരണം. കഴിഞ്ഞ കാലങ്ങളില്‍ മുനമ്പത്തെ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ പരിശോധിക്കുമ്പോള്‍ ഭൂമി വഖഫിന്‍റെ പരിധിയില്‍ വരില്ലെന്ന് മനസിലാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2006-11 കാലത്തെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്തെ നിസാര്‍ കമ്മിഷനായിരുന്നു ഇതു വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചത്. വിഷയം കമ്മിഷന്‍ ആഴത്തില്‍ പഠിച്ചിട്ടില്ല. സര്‍ക്കാര്‍ ഇപ്പോള്‍ കരം സ്വീകരിക്കേണ്ടെന്ന നിലപാടെടുത്തതാണ് ആശങ്കയ്ക്ക് കാരണമായത്.
മുസ്‌ലിം മത സംഘടനകളൊന്നും വഖഫ് ഭൂമിയെന്ന് അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇതു കണക്കിലെടത്ത് ഭൂമി തിരിച്ചു നൽകണം. വര്‍ഗീയ ശക്തികള്‍ ഇതു മുതലെടുപ്പിനുള്ള അവസരമായി കാണുന്നുവെന്നു കൂടി മനസിലാക്കണം. പത്ത് മിനിറ്റു കൊണ്ടു പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണിതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തിലൂടെ വ്യക്തമാക്കി.
മുനമ്പത്തെ കുടുംബങ്ങളെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചിലർ സംഭവത്തെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കി മുനമ്പം വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്താൻ കോടതിക്ക് പുറത്ത് ഒരു ചർച്ചയാകാമെന്ന മുസ്‌ലിം സംഘടന നിലപാടുകളെ ബിനോയ് വിശ്വം സ്വാഗതം ചെയ്‌തു. പ്രശ്‌ന പരിഹാരത്തിന് ഇടതുപക്ഷ സർക്കാർ മുൻഗണന നൽകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Also Read:'മുഖ്യമന്ത്രിയുടെ പരാമര്‍ശം സംഘ്‌പരിവാര്‍ ഏമാന്മാരെ സന്തോഷിപ്പിക്കാന്‍, വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനം വ്യക്തമാക്കണം': വിഡി സതീശന്‍