എറണാകുളം : എക്സൈസ് മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാർ ഉടമയുടെ ഫോൺ സന്ദേശത്തിലൂടെ പുറത്തുവന്ന ബാർക്കോഴ നീക്കം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
എക്സൈസ് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം നീങ്ങും. കെ എം മാണിയെ വേട്ടയാടിയവരോട് കാലം കണക്ക് ചോദിക്കുകയാണ്. ബാറുടമയുടെ ഫോൺ സന്ദേശത്തിലൂടെ കോടികളുടെ അഴിമതിയാണ് പുറത്തുവരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫണ്ട് കലക്ഷൻ തുടങ്ങിയതായി സന്ദേശത്തിൽ പറയുന്നു. മദ്യനയം തിരുത്താൻ സർക്കാർ നീക്കം തുടങ്ങിയെന്ന് വ്യക്തമാണ്. ഒരു കോടി രൂപയുടെ ആരോപണമാണ് മാണിക്ക് എതിരെ ഉന്നയിച്ചത്. എന്നാൽ 20 കോടിയുടെ ആരോപണമാണ് ഇപ്പോൾ തെളിവുകൾ സഹിതം പുറത്തുവന്നത്.
നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോൾ മുഖ്യമന്ത്രിയുടെ വീട്ടിലോ, എക്സൈസ് മന്ത്രിയുടെ വീട്ടിലോ അതോ എകെജി സെന്‍ററിലോയെന്നും അദ്ദേഹം പരിഹസിച്ചു. ഡ്രൈ ഡേ എന്ന ആശയം സദുദ്ദേശത്തോടെ ഉള്ളതാണ്. എന്നാൽ അത് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് കൂടുതൽ സ്‌റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാനുള്ള നീക്കത്തെ അന്ന് പിണറായി വിജയൻ എതിർത്തിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം 130 ബാറുകൾക്ക് ലൈസൻസ് കൊടുത്തു. 8O1 ബാറുകളാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്. ബാറുകളിൽ നിന്ന് ടേൺ ഓവർ ടാക്‌സ് പിരിക്കുന്നില്ല. ഒരു പരിശോധനയും ബാറുകളിൽ നടത്തുന്നില്ലെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
ഐടി പാർക്കിലെ മദ്യം വിളമ്പലിൽ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല. ബാറുടമ അനിമോന് എതിരായ ബാറുടമ സംഘത്തിന്‍റെ നടപടി വെള്ളപൂശാൻ ഉള്ളത് മാത്രമാണ്. അവർക്ക് മറ്റ് നിർവാഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെരിയാറിലെ മത്സ്യക്കുരുതിയിൽ സർക്കാർ നിസ്സംഗരായി നിൽക്കുകയാണ്. പാതാളം ബണ്ട് തുറന്നതുകൊണ്ട് മത്സ്യം ചത്തു പൊങ്ങില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കുറ്റകരമായ അനാസ്ഥയാണ് വ്യക്തമായത്.
പെരിയാറിലെ ജലം പരിശോധിക്കുവാൻ പോലും ആരും തയ്യാറായില്ല. ചത്ത മത്സ്യങ്ങൾ വിറ്റോ എന്ന പരിശോധന നടന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
കേരളം മുഴുവൻ വെള്ളക്കെട്ടിലാണ്. മഴക്കാലപൂർവ്വ ശുചീകരണം എവിടെയും നടന്നിട്ടില്ല. കൊച്ചിയും തിരുവനന്തപുരവും ഇതിന്‍റെ ദുരിതമനുഭവിച്ചു. പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അനുവാദം ചോദിച്ചാൽ ലഭിക്കും. ദേശീയപാതാ നിർമ്മാണം നടക്കുന്നതിനാല്‍, മഴ പെയ്‌താൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാർ ഒന്നും ചെയ്‌തില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.