എറണാകുളം : സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പറവൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടി കണക്കിന് രൂപ ചെലവഴിച്ച് വോട്ട് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന പരസ്യങ്ങൾ ഇലക്ഷൻ കമ്മിഷൻ ചെയ്യുന്നു. എന്നാൽ വോട്ടെടുപ്പിന് ആവശ്യമായ സൗകര്യങ്ങൾ കമ്മിഷൻ ചെയ്‌തില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇന്നലെ എന്താണ് വോടെടുപ്പിൽ സംഭവിച്ചതെന്ന് സ്വതന്ത്രമായ ഏജൻസിയെവച്ച് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാത്രി പത്ത് മണിവരെ എങ്ങിനെയാണ് പോളിങ് നീണ്ടത്. ആറുമണിക്ക് ശേഷവും നൂറും ഇരുന്നൂറും പേരാണ് ക്യൂവിൽ ഉണ്ടായിരുന്നത്. ചില ബൂത്തുകളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ മനപൂർവം വൈകിപ്പിച്ചോയെന്ന് പരിശോധിക്കണം.
വ്യാപകമായി ഇവിഎം കേടാകുന്ന സാഹചര്യമുണ്ടായി. ഇത് കാരണം അര മണിക്കൂറും, ഒരു മണിക്കൂറും പോളിങ് വൈകി. എന്നാൽ ഇവിടങ്ങളിൽ പോലും വോട്ടിങ് സമയം നീട്ടി നൽകിയില്ല. ഇതെല്ലാം അതതു സമയങ്ങളിൽ ബന്ധപെട്ടവരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇയൊരു സാഹചര്യത്തിലാണ് ഒരു സമഗ്രമായ അന്വേഷണം നടത്തണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നത്. തെരെഞ്ഞെടുപ്പിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപെടരുതെന്നും വിഡി സതീശൻ പറഞ്ഞു.
രഹസ്യമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തി. അവർക്കെതിരായ കേസുകൾ പിൻവലിപ്പിക്കാൻ ശ്രമിക്കുകയാണ്. പകരമായി തെരെഞ്ഞെടുപ്പിൽ ബിജെപി ജയിക്കാൻ ഒത്താശ ചെയ്യുകയാണ്. ഇത്ര വലിയ ജീർണത ബാധിച്ച പാർട്ടിയായി സിപിഎം മാറിയോ എന്നും വിഡി സതീശൻ ചോദിച്ചു.
ഇന്നലെ മുഖ്യമന്ത്രി, ജാവദേക്കറെ ഇപി ജയരാജൻ കണ്ടത് ന്യായീകരിക്കുകയായിരുന്നു. ദല്ലാൾ നന്ദകുമാറിനെ കണ്ടതിനെ മാത്രമാണ് തള്ളിപ്പറഞ്ഞത്. സിപിഎം നേതാക്കൾക്ക് എന്താണ് ജാവദേക്കറെ കാണേണ്ട കാര്യം. അദ്ദേഹം കേന്ദ്ര മന്ത്രിയല്ല. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് മാത്രമാണ്.
ലാവ്ലിൻ കേസ്, മാസപ്പടി കേസുകൾ ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ മെസഞ്ചറായാണോ ഇപി ജയരാജൻ ജാവേദ്ക്കറെ കണ്ടത്. ശിവൻ പാപിയുടെ കൂടെ കൂടിയാൽ ശിവനും പാപിയാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞെ പഴഞ്ചൊലല്ല ഇവിടെ ചേരുന്നത്. കൊണ്ട് നടന്നതും നീയെ ചാപ്പ കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പ എന്ന ചൊല്ലാണ് ചേരുന്നത്.
ഇലക്ഷന് തൊട്ടു മുമ്പ് കരുവന്നൂർ, മാസപ്പടി കേസിൽ ഇഡി അന്വേഷണം കടുപ്പിച്ചുവെന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇലക്ഷന് ശേഷം ഒന്നുമില്ല. സിപിഎമ്മിനെ ഭീഷണിപ്പെടുത്തി ബിജെപി കൂടെ നിർത്തുകയായിരുന്നു എന്നും വിഡി സതീശൻ ആരോപിച്ചു.
ഇപി ജയരാജൻ എൽഡിഎഫിൻ്റെ കൺവീനർ ആണോ എൻഡിഎയുടെ കൺവീനർ ആണോയെന്ന് നേരത്തെ താൻ ചോദിച്ചതാണ്. അത് ഇപ്പോൾ ശരിയായി വന്നിരിക്കുകയാണ്. മുഖ്യമന്ത്രി കൂട്ടുപ്രതിയെ ഒറ്റിക്കൊടുത്ത് ഒഴിഞ്ഞ് മാറുകയാണന്നും വിഡി സതീശൻ ആരോപിച്ചു.
അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടതിൽ അത്ഭുപ്പെടാൻ ഒന്നുമില്ല. സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴാണ് ഗവർണർ പ്രത്യക്ഷപ്പെടുക. അപ്പോൾ ഇവർ തമ്മിൽ നല്ല ഫൈറ്റ് ആണ് നടത്തുക. എന്നാൽ സമാധാന കാലത്ത് ഇത്തരത്തിൽ ബില്ല് ഒപ്പിടും. മധുരപലഹാരങ്ങളും ആനുകൂല്യങ്ങളും പരസ്‌പരം കൈമാറും. ഇതിനെല്ലാം ധാരാളം ഇടനിലക്കാർ ഉണ്ടന്നും വിഡി സതീശൻ പറഞ്ഞു.