തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റിന്‍റെ പരിധിയിലല്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ സ്‌പീക്കര്‍ എഎന്‍ ഷംസീറിന് എന്ത് അവകാശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അതിനാല്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര നോട്ടിസ് പരിഗണിക്കാനാകില്ലെന്നുമുള്ള സ്‌പീക്കര്‍ എഎന്‍ ഷംസീറിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിഡി സതീശന്‍റെ ചോദ്യം. ഇന്ന് (ജൂണ്‍ 25) ശൂന്യവേളയിലായിരുന്നു ഇതുസംബന്ധിച്ചുള്ള സ്‌പീക്കറുടെ പ്രഖ്യാപനം.
എന്നാല്‍ ആഭ്യന്തര വകുപ്പിന്‍റെ കൈവശമുള്ള ഒരു ഫയലില്‍ നിയമസഭ സെക്രട്ടേറിയറ്റിന്‍റെ അധികാരമുള്ള സ്‌പീക്കര്‍ എങ്ങനെ അഭിപ്രായം പറയുമെന്നും അതിന് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും വാര്‍ത്ത സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പറയേണ്ടത് സ്‌പീക്കര്‍ പറഞ്ഞത് തികച്ചും അനൗചിത്യമായിപ്പോയെന്നും സിപിഎമ്മിന്‍റെ ഒരു വിശ്വസ്‌ത സേവകനായി സ്‌പീക്കര്‍ മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത് എന്നിവര്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള വെല്ലുവിളിയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. അത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയാല്‍ കേരളം ഇതുവരെ കാണാത്ത പ്രക്ഷോഭത്തിനാകും സാക്ഷ്യം വഹിക്കുക. മുഖ്യമന്ത്രിയെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികള്‍ 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന 2018ലെ സര്‍ക്കാര്‍ ഉത്തരവ് 2022ല്‍ സര്‍ക്കാര്‍ തിരുത്തിയത് ടിപി കേസിലെ പ്രതികളെ രക്ഷിക്കാനാണ്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ ടിപി വധത്തിലെ ഗൂഢാലോചന വെളിപ്പെടുത്തുമെന്ന ഭയമാണ് സിപിഎം നേതാക്കള്‍ക്ക്. ഇതുപയോഗിച്ച് പ്രതികള്‍ സിപിഎം നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. അതാണ് പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന് ഇത്ര തിടുക്കമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.
ALSO READ: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം : ചർച്ച ചെയ്യില്ലെന്ന് സ്‌പീക്കർ, സഭ സ്‌തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം