തിരുവനന്തപുരം: കൂടോത്ര വിവാദത്തില്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയിലെ മീഡിയാ റൂമില്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് കൂടോത്ര സാമഗ്രികള്‍ കണ്ടെടുത്തതിനെ കുറിച്ച് ചോദ്യമുന്നയിച്ചത്.
എന്നാല്‍ ''ഞാന്‍ ഈ നാട്ടുകാരനല്ലെന്നും, ഞാന്‍ മാവിലായിക്കാരനാണെന്നും പറഞ്ഞ്'' പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് മടങ്ങുകയായിരുന്നു. പി എസ് സി അംഗത്വ നിയമനത്തിന് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണം നിയമസഭയില്‍ ഉപക്ഷേപമായി അവതരിപ്പിച്ച ശേഷം വിഷയത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്. എന്നാല്‍ കൂടോത്ര വിഷയം വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമായി ഉന്നയിച്ചപ്പോഴാണ് കൃത്യമായി മറുപടി നല്കാതെ വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.
കഴിഞ്ഞാഴ്‌ചയായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് കൂടോത്രത്തിന് ഉപയോഗിച്ച സാമഗ്രികള്‍ കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ സാന്നിധ്യത്തില്‍ കുഴിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കെ പി സി സി പ്രസിഡന്‍റിന്‍റെ ശബ്‌ദവും ദൃശ്യങ്ങളില്‍ വ്യക്തമാവുന്നുണ്ട്. വിഷയം പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷിയായ സിപിഎം ആക്ഷേപമായി ഉന്നയിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ആരും പരസ്യപ്രതികരണം നടത്തിയിട്ടില്ല.
Also Read: മാധ്യമ പ്രവർത്തനത്തെ ഇകഴ്‌ത്തിയും പുകഴ്‌ത്തിയും സ്‌പീക്കറും പ്രതിപക്ഷ നേതാവും