ഇത് വട്ടപ്പറമ്പിൽ അപ്പൂപ്പൻ. മുഖത്തൊരു വട്ട കണ്ണട, തോൾ വരെ നീട്ടി വളർത്തിയ മുടി, ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുട്ടികളെ കയ്യിലെടുക്കുന്ന അധ്യാപന ശൈലി. 2014 ൽ മാതൃഭാഷാപഠനത്തിനായി തലസ്ഥാന നഗരിയിൽ ആരംഭിച്ച മലയാളം പള്ളിക്കൂടത്തിലെ പ്രധാന അധ്യാപകനാണ് നാടകാചാര്യനും എഴുത്തുകാരനും കൂടിയായ വട്ടപ്പറമ്പിൽ അപ്പൂപ്പൻ എന്ന വട്ടപ്പറമ്പിൽ പീതാംബരൻ.
19-ാം വയസിൽ അധ്യാപന ജീവിതം ആരംഭിച്ച വട്ടപ്പറമ്പിൽ അപ്പൂപ്പൻ 68 വർഷമായി കുട്ടികൾക്ക് അറിവിന്‍റെ വെളിച്ചം പകരുകയാണ്. മലയാളം പള്ളിക്കൂടത്തിന്‍റെ പത്താം വാർഷികത്തിൽ വട്ടപ്പറമ്പിൽ അപ്പൂപ്പന് ആദരമായി അദ്ദേഹത്തിന്‍റെ അധ്യാപന ജീവിതം വരച്ചുകാട്ടുന്ന 'അക്ഷരപ്പറമ്പിലപ്പൂപ്പൻ' എന്ന ഡോക്യൂമെന്‍ററി തയാറാക്കിയിരിക്കുകയാണ് ജിതേഷ് ദാമോദർ.
നാടകവും അധ്യാപനവുമാണ് വട്ടപ്പറമ്പിൽ അപ്പൂപ്പന്‍റെ ഇഷ്‌ടവിഷയങ്ങൾ. 1980 മുതൽ 2000 വരെ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2000ൽ അദ്ദേഹം നാടകാഭിനയം നിർത്തി. നാടകം എങ്ങനെ അധ്യാപനത്തിൽ പ്രയോജനപ്പെടുത്താം അത് എങ്ങനെ കുട്ടികൾക്ക് പ്രചോദനമാകും എന്ന പരീക്ഷണമാണ് ഈ കാലഘട്ടമത്രയും അദ്ദേഹം നടത്തിയത്.
ആംഗികം, വാചികം, സാത്വികം, ആഹാര്യം, തുടങ്ങിയ ചതുർവിധ അഭിനയം കൂടി ഉൾപ്പെടുത്തിയാണ് വട്ടപ്പറമ്പിൽ അപ്പൂപ്പൻ അധ്യാപനം നടത്തുന്നത്. അതുകൊണ്ട് ക്ലാസ് മുറികൾ വിരസമാകില്ല പകരം സരസമാകുമെന്ന് അദ്ദേഹം പറയുന്നു.
അതേസമയം ഡോക്യൂമെന്‍ററി ചിത്രീകരണം പൂർത്തിയാക്കിയത് മൂന്ന് ഘട്ടമായാണ്. പള്ളിക്കൂടത്തിൽ രണ്ട് ദിവസവും വീട്ടിൽ ഒരു ദിവസവുമായിരുന്നു ചിത്രീകരണം. 21 മിനിട്ടാണ് ഡോക്യൂമെന്‍ററിയുടെ ദൈർഘ്യം. ഡോക്യൂമെന്‍ററിയിലൂടെ വട്ടപ്പറമ്പിൽ പീതാംബരന്‍റെ അധ്യാപന ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചുവെന്ന് മലയാളം പള്ളിക്കൂടത്തിലെ കുട്ടികളും രക്ഷിതാക്കളും പറഞ്ഞു.
മലയാളം പള്ളിക്കൂടത്തിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയിൽ ഒഎൻവിയുടെ ഗാനങ്ങൾക്ക് ഇന്ത്യൻ മുദ്രഭാഷയിൽ മുദ്രനടനം കാവ്യശിൽപമൊരുക്കിയതും ശ്രദ്ധേയമായി. പത്രപ്രവർത്തകയും ഡഫ് എഡ്യൂക്കേറ്ററുമായ സിൽവി മാക്‌സി മേനയാണ് മുദ്രനടനം അവതരിപ്പിച്ചത്. പരിപാടിക്ക് ശേഷം ഒരുക്കിയ വിരുന്നും വട്ടപ്പറമ്പിൽ അപ്പൂപ്പന്‍റെ അധ്യാപനത്തെ പോലെ തന്നെ വേറിട്ടതായിരുന്നു. തേങ്ങാപ്പൂളും ശർക്കരയും നെല്ലിക്ക ജൂസും മരച്ചീനിയും മുളക് ചമ്മന്തിയും മധുരക്കിഴങ്ങും ഒക്കെയായിരുന്നു വിഭവങ്ങൾ.
മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാനായി ഭാഷയുടെ പ്രധാന്യത്തെ കുറിച്ച് പുതിയ തലമുറയെ ബോധ്യപ്പെടുത്തുക, കവികളേയും എഴുത്തുകാരെയും പരിചയപ്പെടുത്തുക, സെമിനാറുകള്‍, നാടകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവുകൾ പകരുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം പള്ളിക്കൂടം ആരംഭിച്ചത്. തൈക്കാട് ഗവ. മോഡൽ എച്ച്എസ്എൽപിഎസിൽ ഞായറാഴ്‌ചകളിൽ രാവിലെ 10 മുതൽ ഒരു മണി വരെയാണ് ക്ലാസ്. മലയാളം അറിയാമെന്നു പറയുന്നത് അഭിമാനമായി കരുതുന്ന പുതുതലമുറയുണ്ടാകണം, അതിന് വേണ്ടി വട്ടപ്പറമ്പിൽ അപ്പൂപ്പൻ കുട്ടികൾക്ക് പകരുന്ന അറിവിന്‍റെ വെളിച്ചം എന്നും പ്രകാശിച്ചുകൊണ്ടേയിരിക്കണം.
Also Read: ക്ലാസ് മുറിയിലെ ചിരികൾ നോട്ട്ബുക്കിന്‍റെ പുറംചട്ടയിലാക്കി അധ്യാപകൻ; വണ്ടറടിച്ച് കുട്ടികൾ