തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്‌പ്രെസ് മംഗളൂരുവിലേക്ക് നീട്ടിയതിന്‍റെ ഉദ്ഘാടനം നാളെ (12-03-2024) രാവിലെ 9 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിക്കും.
കാസർകോട് നിന്നും രാവിലെ ഏഴിന് പുറപ്പെട്ടിരുന്ന ട്രെയിൻ മംഗളൂരുവിൽ നിന്നും രാവിലെ 6 : 25നാണ് പുറപ്പെടുക. വൈകുന്നേരം 4 : 05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12:40ന് മംഗളൂരുവിൽ എത്തുന്ന രീതിയിലുമാണ് യാത്ര ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.മറ്റ് സ്‌റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ല. വിശിഷ്‌ട വ്യക്തികൾ ഉൾപ്പെടെ 900 പേർക്ക് പാസ് നൽകി ആദ്യ യാത്ര ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ.
കരകൗശല ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ഒരു സ്‌റ്റേഷൻ ഒരു ഉത്പന്നം (one station one product) പദ്ധതിയടക്കം 85000 കോടിയുടെ റെയിൽവേ പ്രൊജക്റ്റുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും.
സംസ്ഥാനത്തെ ഒൻപത് സ്‌റ്റേഷനുകളിലായി ഒരു സ്‌റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതി ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ഡിവിഷൻ തല ഉദ്‌ഘാടനം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നാളെ രാവിലെ 08:15ന് നടക്കുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്യാൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കൊല്ലം -തിരുപ്പതി സ്പെഷ്യൽ വീക്കെൻഡ് ട്രെയിനാണ് പദ്ധതിയുടെ ഭാഗമായി കേരളത്തിന് ലഭിക്കുന്ന പുതിയ ട്രെയിൻ സർവീസ്. കൂടാതെ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവീസ് മംഗലാപുരം വരെയായി ക്രമീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ പുതിയ ഗുഡ്‌സ് ഷെഡ് ടെർമിനൽ, തിരുവനന്തപുരം ഡിവിഷന് കീഴിലെ ഡബിൾ ലൈൻ വികസനം എന്നിവയും നടക്കും.
ഒരു സ്‌റ്റേഷൻ ഒരു ഉത്പന്നം : കരകൗശല തൊഴിലാളികൾ കൈത്തറി തൊഴിലാളികൾ എന്നിവർ നിർമ്മിക്കുന്ന ഉൽപ്പന്നം നേരിട്ട് യാത്രക്കാർക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഒരു സ്‌റ്റേഷൻ ഒരു ഉത്പന്നം. രാജ്യത്തെ റെയിൽവേ സ്‌റ്റേഷനുകളിൽ കരകൗശല ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനുള്ള സ്‌റ്റാളുകൾ തുറന്നു കൊടുക്കുന്നതാണ് പദ്ധതി.
വൈദ്യുതി കണക്ഷൻ അടക്കം ലഭ്യമാക്കി 15 ദിവസത്തേക്ക് സ്‌റ്റാളുകൾ ഉത്പാദകർക്ക് നൽകും. ഇതിനായി റെയിൽവേ സ്‌റ്റേഷനുകളിൽ സമീപിച്ചാൽ മതി. അപേക്ഷ നൽകുന്നവർ നിർമാതാക്കൾ ആയിരിക്കണം ഇടനിലക്കാർക്ക് പദ്ധതി ലഭ്യമാവില്ല. നിലവിൽ വിവിധ സ്‌റ്റേഷനുകളിൽ നടപ്പിലായ പദ്ധതി രാജ്യം ഒട്ടാകെ വ്യാപിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്.
വള്ളിയൂരിൽ പുതിയ ഗുഡ്‌സ് ഷെഡ് ടെർമിനൽ : കഴക്കൂട്ടത്തേക്കും കൊച്ചുവേളിയിലേക്കും ചരക്ക് ഗതാഗതം സുഗമമാക്കാനായി റോറോ സർവീസും സാധ്യമാക്കും എന്ന് മനീഷ് തപ്യാൽ പറഞ്ഞു.