എറണാകുളം: പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉദ്യോഗസ്ഥർ ഫയലുകൾ വച്ച് താമസിപ്പിക്കുന്നത് രോഗ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ചികിത്സ കൂട്ടായി നൽകുന്നതിനാണ് എല്ലാവരെയും ചേർത്ത് അദാലത്ത് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ മേഖല തല അദാലത്ത് എറണാകുളം ഗവ:ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി.
കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം. ഈ അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത ഫയലുകൾ തീർപ്പാക്കാൻ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കും. ഒരു വർഷം മുതൽ പത്ത് വർഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം നിരവധി പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
തൃശൂർ ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ഏജൻസിക്ക് കീഴിൽ 2012 മുതൽ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്‌തു വന്നിരുന്ന 105 യുപി സ്‌കൂൾ അധ്യാപകരുടെ നിയമനം അംഗീകരിച്ചുള്ള സർക്കാർ ഉത്തരവ് മന്ത്രി സ്ഥാപനത്തിൻ്റെ കോർപറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പന് കൈമാറി. 2012ലെ ഒരു നിയമനം അംഗീകരിക്കപ്പെടാതെ വന്നതിനെ തുടർന്നാണ് അതിനുശേഷം നടത്തിയ നിയമനങ്ങൾ അംഗീകരിക്കാൻ കഴിയാതിരുന്നത്.
പ്രതികരിച്ച് മന്ത്രി പി. രാജീവ്: കഴിഞ്ഞ ആറുമാസത്തോളമായി മന്ത്രി വി ശിവന്‍കുട്ടി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നുവെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അംഗീകരിക്കപ്പെടാതിരുന്ന സ്വർണ റാഫേൽ എന്ന അധ്യാപികയുടെ നിയമനം പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവായതോടെയാണ് ഇത്രയധികം പേരുടെ നിയമനങ്ങളും അംഗീകരിക്കപ്പെട്ടത്. വർഷങ്ങളായി നിയമന അംഗീകാരവുമായി ബന്ധപ്പെട്ട തടസങ്ങളെ തുടർന്ന് ശമ്പളമില്ലാതെ ജോലി ചെയ്‌തിരുന്ന അധ്യാപകരുടെ ജീവിതത്തിൽ വിദ്യാഭ്യാസ മന്ത്രി ഒരു വെളിച്ചമായി മാറിയിരിക്കുകയാണെന്ന് പി. രാജീവ് പറഞ്ഞു.
നിരവധി സർക്കാരുകൾ മാറി വന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. സർക്കാർ ഏറ്റെടുത്ത എയ്‌ഡഡ് സ്‌കൂളുകളുടെ ഏറ്റെടുക്കൽ ഉത്തരവും വർഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി വേദിയിൽ കൈമാറി. മുളവുകാട് ഗവ. എൽപി സ്‌കൂൾ, തൃപ്പൂണിത്തുറ പെരുമ്പിള്ളി ഗവ. യുപി സ്‌കൂൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്.
ALSO READ: ഓണത്തിന് സഹകരണ സംഘത്തിന്‍റെ 2000 ഓണം ചന്തകള്‍: മന്ത്രി വി എന്‍ വാസവന്‍