കേരളത്തിന്‍റെ വിപ്ലവ നക്ഷത്രം വിഎസ് അച്യുതാനന്ദന് 101 വയസ് പൂർത്തിയായി. പോരാട്ടത്തിന്‍റെ പോർ വീഥികളില്‍ മുന്നില്‍ നിന്ന് നയിച്ച സഖാവിന് പിറന്നാൾ ആശംസകൾ നേരുകയാണ് കേരളം. വാർധക്യത്തിന്‍റെ അവശതകൾക്കിടയിലും കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിൽക്കുകയാണ് വി എസ് എന്ന വിപ്ലവ നക്ഷത്രം. കക്ഷി രാഷ്ട്രീയത്തിനപ്പുറത്തേക്ക് സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന നേതാവെന്ന നിലയിൽ കേരള രാഷ്ട്രീയത്തിലെ അതികായനായി വാഴുകയാണ് വിഎസ്.
2019 ലുണ്ടായ പക്ഷാഘാതം ഏൽപ്പിച്ച ശാരീരിക അവശതയിൽ നിന്നും കരകയറാനാവാതെ സജീവ രാഷ്ട്രീയ രംഗത്ത് നിന്ന് പിന്മാറിയെങ്കിലും കേരള രാഷ്ട്രീയത്തിന് വി എസ് നൽകിയ സമരോർജത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. പുന്നപ്ര ഉൾപ്പെടെയുള്ള ഐതിഹാസിക സമരങ്ങളിലൂടെ അവകാശ സമരങ്ങൾക്ക് തന്‍റെ പേര് നേടിയെടുത്ത ആളാണ് വിഎസ്. കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്‍റെ അടിത്തറ കെട്ടിപ്പടുത്ത നേതാവ് പാർട്ടിക്ക് പുറത്ത് മാത്രമല്ല, പാർട്ടിക്കകത്തും പലപ്പോഴും സമരമുഖങ്ങൾ തുറന്നിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നീട്ടിയും കുറുക്കിയും ഹാസ്യം നിറച്ചും എതിരാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വി എസിന്‍റെ പ്രസംഗത്തിനും ആരാധകരേറെയാണ്. 2018 മെയ് 18 ന് കേരളത്തിന്‍റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 83 വയസായിരുന്നു വിഎസിന്. ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായ വ്യക്തിയും വിഎസാണ്. ഇക്കാലത്ത് അഴിമതിക്കെതിരെ നടത്തിയ പോരാട്ടങ്ങളും ജനകീയ ഇടപെടലുകളും വിഎസിനെ ജനങ്ങളുടെ മുഖ്യമന്ത്രിയാക്കി. അതുകൊണ്ടു തന്നെ പാർട്ടിയും വിഎസും രണ്ടു ധ്രുവങ്ങളില്‍ പോരടിച്ചപ്പോഴും കേരളത്തിന്‍റെ പൊതുസമൂഹം വിഎസിനൊപ്പം നിന്നു.
1940 ലാണ് വിഎസ് കമ്മ്യൂണിസ്‌റ്റ് പാർട്ടി അംഗമാകുന്നത്. 1959 ല്‍ കമ്മ്യൂണിസ്‌റ്റ് പാർട്ടി ദേശീയ കൗൺസില്‍ അംഗമായ വിഎസ്, 1964 ല്‍ പാർട്ടി ദേശീയ തലത്തില്‍ പിളർന്നപ്പോൾ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി. സിപിഐ ദേശീയ കൗൺസില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി വന്ന് സിപിഎം രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവാണ് വിഎസ്.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ ഇത്രയും സമരതീക്ഷ്‌ണമായ മറ്റൊരു രാഷ്ട്രീയ ജീവിതവും അനുഭവ സമ്പന്നമായ വ്യക്തിജീവിതവും മറ്റൊരു നേതാവിനുണ്ടോയെന്നു സംശയമാണ്.
Also Read:ഒടുവില്‍ ചിത്രം പൂർണം; വയനാടും പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി