ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളാതെ ഇടുക്കിയില്‍ റോഡ് നിര്‍മ്മാണം. നെടുങ്കണ്ടം കല്ലാര്‍ പുഴയോട് ചേര്‍ന്നുള്ള റോഡ് പുനര്‍ നിര്‍മ്മാണത്തിലാണ് ആശങ്ക ഉയരുന്നത്. ചെങ്കുത്തായ മലയില്‍ നിന്നും കുത്തനെ മണ്ണിടിച്ചത് ഭാവിയില്‍ കൂടുതല്‍ മണ്ണിടിച്ചിലിന് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കമ്പംമെട്ട് - രാമക്കല്‍മേട് - വണ്ണപ്പുറം പാതയുടെ കല്ലാറിലെ നിര്‍മ്മാണത്തിലാണ് സുരക്ഷ ഉറപ്പ് വരുത്താത്തതെ പണികൾ പുരോഗമിക്കുന്നത്. പുഴയ്ക്ക് സമാന്തരമായി കടന്ന് പോകുന്ന പാതയോട് ചേര്‍ന്ന് മുന്‍പ് പലതവണ ചെറിയ മണ്ണിടിച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. നിലവില്‍ വീതി വര്‍ധിപ്പിച്ചതോടെ, റോഡരികില്‍ നിന്നും കുത്തനെ കൂടുതല്‍ മണ്ണെടുത്തു.
ഇതോടെ മുകള്‍ ഭാഗത്ത് നിന്നും മണ്ണ് ഇടിഞ്ഞ് വീഴാനുള്ള സാധ്യത വര്‍ധിച്ചു. ഏതാനും ആഴ്‌ചകള്‍ക്കിടെ പെയ്‌ത മഴയില്‍ പ്രദേശത്ത് ചെറിയ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. പല ഭാഗത്തും മണ്ണ് അപകടരമാം വിധം വിണ്ടു നില്‍ക്കുന്ന അവസ്ഥയാണ്.
ഏത് നിമിഷവും ഈ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാവാം. രാമക്കല്‍മേട് വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്കും, തമിഴ്‌നാട്ടിലേയ്ക്കുമടക്കം ദിവസേന നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഹൈറേഞ്ചിലെ പ്രധാന പാതയാണിത്. എപ്പോഴും വാഹനങ്ങള്‍ കടന്ന് പോകുന്നതിനാല്‍ മണ്ണിടിച്ചില്‍ ഉണ്ടായാൽ വന്‍ ദുരന്തത്തിന് ഇടയാക്കും. ഗ്യാപ് റോഡിലെ അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം, മണ്ണിടിച്ചില്‍ പതിവാകുമ്പോഴാണ്, പാഠം ഉള്‍കൊള്ളാതെ, സുരക്ഷാ നടപടികള്‍ സ്വീകരിയ്ക്കാതെ റോഡ് നിര്‍മ്മിയ്ക്കുന്നത്.