കോഴിക്കോട് : ഒളവണ്ണയ്ക്ക് സമീപം അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. ഒളവണ്ണ തൊണ്ടിലക്കടവ് കളത്തിങ്ങൽ റഹീംലയുടെ വീട്ടിലെ ആടുകളാണ് ചത്തത്. ഇന്ന് രാവിലെ വീട്ടുകാർ ആടുകളെ കൂട്ടിൽ നിന്ന് പുറത്തിറക്കാന്‍ എത്തിയപ്പോഴാണ് അവയെ ചത്ത നിലയിൽ കണ്ടത്.
ഇതിൽ ഒരു ആടിനെ മുക്കാൽ ഭാഗവും കടിച്ച് തിന്ന നിലയിലാണ്. മറ്റ് രണ്ടാടുകൾക്കും ശരീരമാസകലം പരിക്കുകൾ ഏറ്റിട്ടുണ്ട്. ചത്തതിൽ ഒരാട് പൂർണ ഗർഭിണിയാണ്. വീടിന് തൊട്ടടുത്ത് തന്നെ കനോലി കനാൽ ഉള്ളതുകൊണ്ട് ഈ പരിസരത്ത് നേരത്തെയും നിരവധി കാട്ടുമൃഗങ്ങളെ പരിസരവാസികൾ കണ്ടിട്ടുണ്ട്.
ആടുകൾ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തതോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലറത്തത്തി പരിശോധന നടത്തി. കൂടാതെ ഒളവണ്ണ വെറ്ററിനറി സർജൻ ഡോ. മിഥിൻ സ്ഥലത്തെത്തി ചത്ത ആടുകളുടെ പോസ്‌റ്റ്‌മോർട്ടം നടപടികൾ സ്വീകരിച്ചു. മൂന്ന് ആടുകൾക്കുമായി ഏകദേശം മുപ്പതിനായിരം രൂപയോളം നഷ്‌ടമാണ് കണക്കാക്കുന്നത്.