കോഴിക്കോട്: കോഴിക്കോടിനെ സാഹിത്യ നഗരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോഴും വിവാദത്തിന് തിരികൊളുത്തി പ്രതിപക്ഷം. എസ്കെ പൊറ്റക്കാടും ബഷീറും ജീവിച്ചിരുന്ന നഗരം. എംടി വാസുദേവന്‍ നായർ ജീവിക്കുന്ന നാട്. സാഹിത്യപ്രേമികളുടെ പറുദീസ. വിശേഷണങ്ങള്‍ ധാരാളമുള്ള കോഴിക്കോടിനെ മന്ത്രി എംബി രാജേഷാണ് ഔദ്യോഗികമായി സാഹിത്യ നഗരമായി പ്രഖ്യാപിച്ചത്.
യുനെസ്കോ സാഹിത്യ നഗര പദവിയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എംടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി നടത്തിയ വിമർശനം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നാണ് യുഡിഎഫ് ആരോപണം.
എന്നാൽ ദിവസങ്ങൾക്ക് മുൻപ് തന്നെ മുഖ്യമന്ത്രി അസൗകര്യം അറിയിച്ചിരുന്നുവെന്നും മറ്റ് വ്യാഖ്യാനങ്ങൾ തെറ്റാണെന്നും കോർപ്പറേഷൻ വിശദീകരിച്ചു. യുനെസ്കോയുടെ സാഹിത്യ നഗര പട്ടികയിൽ രാജ്യത്ത് ആദ്യമായി ഇടംപിടിക്കുന്ന നഗരമെന്ന നേട്ടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഈ അംഗീകാരത്തിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി തന്നെ നിർവഹിക്കണം എന്നായിരുന്നു സിപിഎം നേതൃത്വത്തിലുള്ള കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതിയുടെ തീരുമാനം.
മുഖ്യമന്ത്രിയുടെ തീയതി കാത്ത് മാസങ്ങളോളം ചടങ്ങ് നീട്ടി വച്ചിരുന്നു. ഒടുവിൽ മുഖ്യമന്ത്രിയുടെ സമയം കിട്ടിയതനുസരിച്ച് ജൂൺ 22ന് പരിപാടി നിശ്ചയിക്കുകയും ചെയ്‌തു. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനവും ഇതേ ദിവസം ആയതിനാൽ അടുത്തടുത്ത സമയമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നിശ്ചയിച്ചു നൽകിയത്. മൂന്ന് മണിക്ക് സാഹിത്യ നഗര പ്രഖ്യാപനവും 4.30 ന് എംജിഒ യൂണിയൻ സമ്മേളന ഉദ്ഘാടനവും നിശ്ചയിച്ചു.
എന്നാൽ നാല് ദിവസം മുൻപാണ് സാഹിത്യ നഗര പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല എന്ന അറിയിപ്പ് വന്നത്. ഇത് എംടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്ക് മറ്റു ചില പരിപാടികൾ ഉള്ളതിനാൽ കോഴിക്കോട് എത്താൻ വൈകും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പിന്മാറ്റത്തെകുറിച്ച് മേയർ വിശദീകരിച്ചത്.
ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് കോഴിക്കോട് എത്തിയ മുഖ്യമന്ത്രി എൻജിഒ യൂണിയൻ പരിപാടിയിൽ പങ്കെടുത്ത ശേഷം റോഡ് മാർഗം തൃശൂരിലേക്ക് മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിന്മാറിയ സാഹചര്യത്തിൽ മന്ത്രി എംബി രാജേഷ് ആണ് സാഹിത്യ നഗര പദവി പ്രഖ്യാപനം നിർവഹിച്ചത്. അതേസമയം, എംടിയുമായി മുഖ്യമന്ത്രിക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും സാഹിത്യോത്സവം വേദിയിലെ എംടിയുടെ വാക്കുകൾ അടക്കം മുഖ്യമന്ത്രിക്ക് എതിരെയാണെന്നത് വ്യാഖ്യാനങ്ങൾ മാത്രം ആണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം.
2023 ൽ കേരള പിറവി ദിനമായ നവംബർ ഒന്നിനാണ് യുനസ്കോയുടെ സാഹിത്യ നഗര പദവിക്ക് കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ട വിവരം പുറത്ത് വന്നത്. ലോകത്തെ 55 സർഗാത്മക നഗരങ്ങളിൽ ഒന്നായാണ് കോഴിക്കോടും ഇടംപിടിച്ചത്. പുതിയ പദവി ലഭിക്കുന്നതോടെ ഈ പട്ടികയിലെ വിവിധ രാജ്യങ്ങളിലെ എഴുത്തുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാഹിത്യ വിനിമയ പരിപാടികളുടെ ഭാഗമായി കോഴിക്കോട്ടെ എഴുത്തുകാർക്കും സാഹിത്യ വിദ്യാർഥികൾക്കും വിദേശ സന്ദർശനങ്ങൾക്കും അവസരം ലഭിക്കും.
വിദേശങ്ങളിലെ പ്രശസ്‌ത എഴുത്തുകാർക്ക് കോഴിക്കോട് വന്ന് താമസിച്ച് പുസ്‌തകങ്ങൾ തർജമ ചെയ്യാനും കഴിയും. 'കില'യുടെ സഹകരണത്തോടെയാണ് കോഴിക്കോട് കോർപറേഷൻ ഈ പട്ടികയിൽ ഇടം നേടാൻ ശ്രമം ആരംഭിച്ചത്. എഴുത്തുകാർ, പ്രസാധകർ, നിരൂപകർ, സാഹിത്യ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി പല തട്ടിലുള്ളവരെ ഒന്നിപ്പിച്ച് സാഹിത്യ തട്ടകമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്.
സാഹിത്യോത്സവങ്ങൾക്കും പുസ്‌തകോത്സവങ്ങൾക്കും കോഴിക്കോട് സ്ഥിരം വേദിയാകുന്നതും പരിഗണിച്ചാണ് സാഹിത്യനഗര പദവി കോഴിക്കോട് കരസ്ഥമാക്കിയത്. കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ (കെഎൽഎഫ്) ഉൾപ്പെടെയുള്ള സാഹിത്യ സംഗമത്തിന് വർഷങ്ങളായി നഗരം വേദിയാകുന്നതും നേട്ടമായി.