കോഴിക്കോട് : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ പരാതിയുമായി യുഡിഎഫ്. കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിനെ വേദിയിലിരുത്തി വികസന പ്രഖ്യാപനം നടത്തി എന്നതാണ് പരാതി. കോഴിക്കോട് ഒരു അന്താരാഷ്ട്ര സ്‌റ്റേഡിയം നിർമിക്കും എന്നതായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചതാണെന്നും മന്ത്രി പറഞ്ഞു.
പ്രസംഗം റെക്കോർഡ് ചെയ്‌ത തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വീഡിയോഗ്രാഫറെ സ്ഥാനാർഥിയായ എളമരം കരീം ഗ്രീൻ റൂമിലേക്ക് കൂട്ടികൊണ്ടുപോയി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും യുഡിഎഫ് പരാതിയിൽ പറയുന്നു. തിങ്കളാഴ്‌ച (ഏപ്രില്‍ 1) നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലെ പ്രസംഗമാണ് വിവാദത്തിലായത്. സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിനോട് ജില്ല കലക്‌ടർ വിശദീകരണം തേടി.
പ്രതികരണവുമായി മന്ത്രി: തനിക്കെതിരെയുള്ള യുഡിഎഫിന്‍റെ പരാതിയില്‍ മന്ത്രി പ്രതികരിച്ചു. പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പുതിയ പ്രഖ്യാപനം നടത്തിയിട്ടില്ല. നേരത്തെ ചെയ്‌ത കാര്യം പറയുകയാണുണ്ടായത്. അത് ഇനിയും തുടരുമെന്നും മന്ത്രി റിയാസ് തുറന്നടിച്ചു. ജില്ല ഭരണകൂടത്തിൻ്റെ നോട്ടീസ് തനിക്ക് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്‌ഡിപിഐ : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്‌ഡിപിഐ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ ബിജെപി സർക്കാരിനെതിരായ മതനിരപേക്ഷ കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസാണ്.
കേരളത്തിൽ പരസ്‌പരം മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും പശ്ചിമ ബംഗാളിൽ ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇത് ദേശീയ തലത്തിൽ ബിജെപി വിരുദ്ധ രാഷ്ട്രീയം ശക്തിപ്പെടുന്നതിനെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ പാർട്ടി മതനിരപേക്ഷ ചേരിയെ പിന്തുണയ്‌ക്കും.
കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി. ദേശീയ തലത്തിൽ പാർട്ടി പതിനെട്ട് സ്ഥലങ്ങളിൽ മത്സരിക്കുന്നുണ്ട്. കേരളത്തിൽ ഇപ്രാവശ്യം മത്സരിക്കുന്നില്ല. ജാതി സെൻസസ് നടത്തുമെന്ന കോൺഗ്രസിന്‍റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എസ്‌ഡിപിഐ നേതാക്കൾ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.