കണ്ണൂര്‍: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും. കേസിന്‍റെ അന്വേഷണം എടിഎസ് ഏറ്റെടുക്കും. ഇന്നലെയാണ് (ഫെബ്രുവരി 17) പരിക്കേറ്റ സുരേഷിനെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിൽ ഉപേക്ഷിച്ച് കടന്നത്. മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗമാണ് ചിക്‌മംഗളൂർ സ്വദേശിയായ സുരേഷ്.
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇയാളെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെത്തിച്ചു. ആക്രമണത്തില്‍ ഇടത് കാലിനും നെഞ്ചിനും ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വടിയില്‍ കമ്പിളി പുതപ്പ് കെട്ടി അതില്‍ ഇരുത്തിയാണ് സുരേഷിനെ ആംബുലന്‍സില്‍ എത്തിച്ചത്.
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ തനിക്ക് ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സേവിയര്‍ പറഞ്ഞു. കര്‍ണാടക വനത്തില്‍ വച്ചാണ് സുരേഷിന് നേരെ കാട്ടാന ആക്രമണമുണ്ടായത്. വിവരം അറിഞ്ഞ പൊലീസ് ഉള്‍വനത്തിലേക്ക് ആംബുലന്‍സ് അയക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും ചേര്‍ന്ന് വനത്തില്‍ നിന്നും സുരേഷിനെ ആംബുലന്‍സില്‍ കയറ്റി പാടാം കവലയില്‍ എത്തിച്ച് പൊലീസിന് കൈമാറുകയും ചെയ്‌തു. തുടര്‍ന്നാണ് ചികിത്സ നല്‍കാനായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പൊലീസ് സംഭവ സ്ഥലത്തെത്തിയാല്‍ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള സംഘത്തെ ആംബുലന്‍സുമായി വനത്തിലേക്ക് വിട്ടത്.
ഇന്നലെ (ഫെബ്രുവരി 17) വൈകിട്ട് 6 മണിക്കാണ് രണ്ട് സ്‌ത്രീകള്‍ അടങ്ങുന്ന സംഘം കോളനിയിലെ വീട്ടിലെത്തിയത്. കോളനി നിവാസിയായ ചപ്പിലി കൃഷ്‌ണന്‍ എന്നയാളുടെ വീട്ടിലെത്തിയ സംഘം അരിയും ഭക്ഷണ സാധനങ്ങളും അതിനൊപ്പം സുരേഷിന് ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. വീട്ടില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ കൈപ്പറ്റിയ സംഘം പകരം പണം നല്‍കുകയും ചെയ്‌തു.
മൂന്ന് ദിവസം മുമ്പാണ് സുരേഷിന് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്. സുരേഷിനെ കൃഷ്‌ണന്‍റെ വീട്ടില്‍ ഉപേക്ഷിച്ച സംഘം വനത്തിലേക്ക് തിരികെ മടങ്ങുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ വിവരം അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും സ്ഥലത്തെത്തി. പരിക്കേറ്റ സുരേഷിനോട് സംസാരിച്ചപ്പോള്‍ താന്‍ മാവോയിസ്റ്റാണെന്നും ഗുരുതര പരിക്കേറ്റതിനാല്‍ മറ്റുള്ളവര്‍ തന്നെ ഉപേക്ഷിച്ച് പോയെന്നും പറഞ്ഞു.
ആശുപത്രിയില്‍ കനത്ത സുരക്ഷ: സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ കനത്ത സുരക്ഷയൊരുക്കി പൊലീസ്. ജില്ല പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് രാത്രിയില്‍ പരിയാരത്തെത്തിയത്. പൊലീസിന് പുറമെ തണ്ടർബോൾട്ട്, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തെത്തിയിട്ടുണ്ട്.
ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളെയും കൂട്ടിരിപ്പുകാരെയും പ്രത്യേകം സജ്ജമാക്കിയ വഴിയിലൂടെയാണ് കടത്തിവിടുന്നത്. സുരേഷിനെ ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ ആശുപത്രിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് പരിശോധനക്ക് വിധേയമാക്കിയ ഇയാളെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.