തിരുവനന്തപുരം : റഷ്യൻ സൈന്യത്തിലേക്കുളള നിയമവിരുദ്ധ റിക്രൂട്ട്‌മെന്‍റ് സംഭവത്തിൽ യുക്രെയിനിൽ അകപ്പെട്ട 4 മലയാളികളിൽ രണ്ടുപേരെ ഉടൻ നാട്ടിലേക്ക് കൊണ്ടുവരാനുളള നടപടികൾ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. റഷ്യയിൽ നിന്ന് മടങ്ങാനുള്ള അവരുടെ യാത്രാരേഖകൾ ഇന്ത്യൻ എംബസി തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു(Kerala youth forced into Russia-Ukraine war).
യുക്രെയിൻ യുദ്ധത്തിനായി റഷ്യൻ സൈന്യത്തിലേക്ക് കേരളത്തിൽ നിന്ന് സ്വകാര്യ ഏജൻസികൾ നാല് മലയാളി യുവാക്കളെയായിരുന്നു റിക്രൂട്ട് ചെയ്‌തത്. രണ്ടുപേർ ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് വി മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശേഷിക്കുന്ന രണ്ടുപേരെയും തിരികെ കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം റഷ്യൻ സർക്കാരുമായി ചർച്ച നടത്തിവരികയാണെന്നും അവരുടെ തിരിച്ചുവരവ് ഉറപ്പാക്കാൻ തങ്ങൾ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പുനൽകി.
2.5 ലക്ഷം രൂപ ശമ്പളം വാഗ്‌ദാനം ചെയ്‌താണ് റിക്രൂട്ട്‌മെൻ്റ് ഏജൻസി യുവാക്കളെ റഷ്യയിലേക്ക് കൊണ്ടുപോയതെന്ന് മൂന്ന് പേരുടെയും ബന്ധുക്കൾ പറഞ്ഞു. റഷ്യയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പ്രലോഭിപ്പിച്ചശേഷം ഇന്ത്യക്കാരെ യുക്രെയിൻ യുദ്ധത്തിനായി കൊണ്ടുപോയ ഏജൻസികളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി വി മുരളീധരൻ നേരത്തെ അറിയിച്ചിരുന്നു.
സംഘർഷമേഖലയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അവരെ റിക്രൂട്ട് ചെയ്‌ത ഏജൻസികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ സൈനിക സഹായിയായി ജോലി ലഭിക്കുമെന്നാണ് ഏജൻ്റുമാർ യുവാക്കളോട് പറഞ്ഞത്. ശേഷം അവരെ സൈന്യത്തിന്‍റെ ഭാഗമാക്കി. രണ്ടുദിവസത്തിനുശേഷം സൈനിക പരിശീലനത്തിനായി അവരെ കൊണ്ടുപോവുകയും യുദ്ധം ചെയ്യാനായി യുക്രെയിന്‍ അതിർത്തിക്കടുത്ത് വിന്യസിക്കുകയുമായിരുന്നു.