കോഴിക്കോട്: മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണ കുട്ടികളെ വീട്ടമ്മയും വിദ്യാർഥികളും ചേർന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് കാരശേരി ഒറവും കുണ്ട് കുളത്തിൽ ശനിയാഴ്‌ച (ഏപ്രിൽ 27) വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കാരശേരി സ്വദേശികളായ മുഹമ്മദ് ഫിസാൻ (10) ,മുഹമ്മദ് സയാൻ(7) എന്നിവരാണ് കുളത്തിൽ വീണത്.
കുളത്തിന് സമീപം താമസിക്കുന്ന വീട്ടമ്മയായ നഫീസയും വിദ്യാർഥികളായ മുഹമ്മദ് യാസീൻ, മുഹമ്മദ് സിനാൻ എന്നിവരും ചേർന്നാണ് കുളത്തിൽ വീണ കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട കുട്ടികളിൽ ഒരാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ആഴമേറിയ കുളത്തിൽ മീൻ പിടിക്കാൻ എത്തിയതായിരുന്നു ഫിസാനും സയാനും. ഇതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ബഹളം വച്ചതോടെ നഫീസ ഓടിയെത്തുകയായിരുന്നു. തുടർന്ന് വീട്ടമ്മ കുളത്തിലേക്ക് ചാടി ഒരു കുട്ടിയെ രക്ഷപ്പെടുത്തി. പിന്നീട് ബഹളം കേട്ട് ഓടിവന്ന യാസീനും സിനാനും ചേർന്നാണ് രണ്ടാമത്തെ കുട്ടിയെ രക്ഷപ്പെടുത്തിയത്.
രണ്ട് ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് നഫീസയും പാരാമെഡിക്കൽ വിദ്യാർഥികളായ മുഹമ്മദ് യാസീനും മുഹമ്മദ് സിനാനും. രണ്ടു കുട്ടികളെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മൂവരും ഇപ്പോൾ നാടിന്‍റെ അഭിമാന താരങ്ങളാണ്.