പത്തനംതിട്ട: പത്ത് വയസുകാരിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവും സുഹൃത്തും പിടിയിൽ. തിരുവനന്തപുരം നെയ്യാർ മൈലക്കര പുലിക്കുഴി കിഴക്കൻകര പുത്തൻവീട്ടിൽ നിന്നും തോട്ടപ്പുഴശ്ശേരിയിൽ താമസിക്കുന്ന ബി ജയൻ (45), ഇയാളുടെ സുഹൃത്ത് പന്തളം കുളനട മാന്തുക ആഞ്ഞിലി മൂട്ടിൽ വടക്കേതിൽ പി വി സുരേഷ് (38) എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്‌തത്.
2024 ജൂൺ 5-ന് ആണ് സംഭവം. കുട്ടിയെ മീൻ വാങ്ങിക്കാന്‍ കൂട്ടിക്കൊണ്ടു പോയ ശേഷം ആളൊഴിഞ്ഞ വീട്ടിൽ വെച്ചാണ് ഇരുവരും ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ നഗ്ന ഫോട്ടോകൾ മൊബൈലിൽ പകർത്തുകയും അശ്ലീല വീഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വരെ, പലതവണ കുട്ടിയുടെ വീട്ടിൽ വെച്ചും പ്രതികൾ ബലാത്സംഗത്തിന് വിധേയയാക്കി. കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പൊലീസ് ഹെൽപ്‌ലൈൻ മുഖേനയാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ കോയിപ്രം പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ഇന്നലെയാണ് (21-09-2024) കേസെടുത്തത്. പിന്നാലെ പ്രതികളെ കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയെ ഇന്നലെ വൈകുന്നേരവും, രണ്ടാം പ്രതിയെ ഇന്ന് രാവിലെയുമാണ് പിടികൂടിയത്. ജയന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനക്കായി കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: നൃത്ത സംവിധായകന്‍ ജാനി മാസ്‌റ്റര്‍ ബലാത്സംഗ കേസിൽ അറസ്‌റ്റിൽ