പത്തനംതിട്ട : പന്ത്രണ്ട് വയസുകാരിയായ മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ തിരുവല്ല സ്വദേശിയായ 38 കാരന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്‌ജി ഡോണി തോമസാണ് വിധി പ്രസ്‌താവിച്ചത്.
ഇതിന് പുറമെ പോക്സോ ആക്‌ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം, പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ഐപിസി നിയമത്തിലെ 377 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം മൂന്ന് വർഷം കഠിന തടവും ശിക്ഷ വിധിച്ചു. കൂടാതെ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കാനും വിധിയില്‍ പറയുന്നുണ്ട്. പിഴ അടയ്ക്കാതിരുന്നാല്‍ കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നഴ്‌സുമാരാണ്. അമ്മ ജോലി തേടി വിദേശത്ത് പോയപ്പോള്‍ പ്രതി ബെംഗളൂരുവില്‍ നിന്ന് രാജിവച്ച് നാട്ടിലെത്തി. മദ്യപാനിയായ പ്രതി മകളോട് ഭാര്യയോടെന്ന പോലെ പെരുമാറുകയും രാത്രികാലങ്ങളില്‍ ഭീഷണിപ്പെടുത്തി രതി വൈകൃതങ്ങളില്‍ ഏർപ്പെടുകയും ചെയ്‌തു.
പെണ്‍കുട്ടി അമ്മയോടോ ബന്ധുക്കളോടോ ഈ കാര്യങ്ങള്‍ പറയാതിരിക്കുവാനായി ഫോണ്‍ കോളുകള്‍ റെക്കോർഡ് ചെയ്യുകയും തന്‍റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കില്‍ ഇളയ സഹോദരിയേയും ഇത്തരത്തില്‍ ലൈംഗിക ചൂഷണത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
പ്രതിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. അച്ഛന്‍റെ ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടി പ്രതിയുടെ അമ്മയോട് പറഞ്ഞെങ്കിലും അവർ ഗൗരവത്തില്‍ എടുത്തില്ല. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസം മനസിലാക്കിയ പെണ്‍കുട്ടിയുടെ മാതാവിന്‍റെ അമ്മ കുട്ടിയെ അമ്മ വീട്ടിലേക്ക് നിർബന്ധപൂർവം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് കൗണ്‍സിലിംഗിന് വിധേയയാക്കിയതോടെയാണ് ക്രൂരമായ ലൈംഗിക പീഡന വിവരം പുറത്തറിയുന്നത്.
Also Read: വീട്ടില്‍ അതിക്രമിച്ചു കയറി 9 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ
2022- 23 കാലയളവില്‍ നടന്ന പീഡന വിവരം പൊലീസില്‍ അറിയിച്ചതിനെ തുടർന്ന് എറണാകുളം റൂറല്‍, കല്ലൂർകാട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ കൃത്യം നടന്ന സ്ഥലം തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ അവിടേക്ക് കൈമാറുകയായിരുന്നു. പ്രതിയെ ബെംഗളൂരുവില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെയ്‌സണ്‍ മാത്യൂസ് ഹാജരായി.