കാസർകോട്: ആചാരനുഷ്‌ഠാനങ്ങളാൽ സമ്പന്നമാണ് കേരളം. ഓണം നമ്മുടെ ദേശീയോത്സവമാണെന്ന് പറയുമ്പോഴും വടക്കും തെക്കും അത് ആഘോഷിക്കുന്നതിൽ ചില വ്യത്യാസങ്ങളുണ്ട്. കേരളത്തില്‍ മറ്റ് സ്ഥലങ്ങളില്‍ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ തന്‍റെ പ്രജകളെ കാണാനായി പാതാളത്തില്‍ നിന്നും മഹാബലി എഴുന്നള്ളുമ്പോള്‍, കാസര്‍കോട് ജില്ലയില്‍ ദീപാവലി നാളിലാണ് മഹാബലിയുടെ എഴുന്നള്ളുന്നത്. തുലാം മാസത്തിലെ കറുത്തവാവ് തൊട്ടുള്ള മൂന്ന് ദിവസങ്ങളിലാണ് ഈ സന്ദര്‍ശനം.
കാസർകോട് ജില്ലയിൽ മാത്രം നടക്കുന്ന പ്രത്യേക ആഘോഷം പൊലിയന്ദ്രം ചടങ്ങ് എന്നാണ് അറിയപ്പെടുന്നത്. തുലാമാസത്തിലെ തിരുവോണമെന്നും ഇതിനെ വിശേഷിപ്പിക്കുന്നു. അസുര രാജാവായിരുന്ന മഹാബലിയെ അരിയിട്ട് വാഴിക്കുന്ന ബലീന്ദ്ര പൂജ എന്ന വാക്കിൽ നിന്നാണ് പിന്നീട് പൊലിയന്ദ്രം ആയതെന്ന് ഐതിഹ്യമുണ്ട്. പൊലിയുക എന്നാൽ ഐശ്വര്യമുണ്ടാവുക എന്നാണ് അർഥം.
മഹാബലി എന്ന് സങ്കൽപിച്ച് കൂറ്റൻ പാലമരം എഴുന്നളളിച്ചു കൊണ്ടുവരുന്നതാണ് പ്രധാന ചടങ്ങ്. പൊലിയന്ദ്രം ചടങ്ങ് നടക്കുന്ന ദിവസം പിതൃക്കളെ സ്വീകരിച്ച് ആദരിക്കുന്ന ദിവസമായും സങ്കൽപമുണ്ട്. പൊടവടുക്കം, കീഴൂർ ധർമശാസ്‌താ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇത്തരം ആഘോഷമുള്ളത്. ഇത്തവണയും ചെണ്ടവാദ്യങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ ചെത്തിമിനുക്കിയ പാലമരം നാട്ടി ഇരിയ പൊടവടുക്കം ധര്‍മ്മശാസ്‌താ ക്ഷേത്രത്തിൽ പൊലിയന്ദ്രം ആഘോഷിച്ചു. നൂറുകണക്കിന് ഭക്തരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രവയലിലെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്ഷേത്ര പരിധിയില്‍ നിന്ന് ഐതിഹ്യത്തില്‍ പറയുന്ന രീതിയിലുളള ലക്ഷണമൊത്ത പാലമരം ക്ഷേത്ര വിധിപ്രകാരം കണ്ടെത്തിയാണ് പൊലിയന്ദ്രം ചടങ്ങ് തീരുമാനിക്കുന്നത്. ഇത്തവണ പൊടവടുക്കം തടിയൻ വളപ്പിൽ നിന്നാണ് പാലമരം ക്ഷേത്രത്തിലേക്കെത്തിച്ചത്. പാലമരം മുറിച്ച് ചെത്തിമിനുക്കി പ്രത്യേക വടം കെട്ടി വാല്യക്കാര്‍ ചുമലിലേറ്റി കിലോമീറ്റര്‍ ചുറ്റിയാണ് പൊടവടുക്കം ക്ഷേത്രവയലിലെത്തിച്ചത്. സന്ധ്യാനേരത്ത് 21 ദീപങ്ങള്‍ പാലമരത്തില്‍ കൊളുത്തി ഗ്രാമീണരൊന്നിച്ച് ബലി മഹാരാജാവിന് അരിയെറിഞ്ഞ് ആര്‍ത്തുവിളിച്ച് ആദരിച്ച് സ്വീകരിക്കും.
തുലാമാസത്തിലെ വാവ് ദിവസമാണ് പ്രദേശത്തിന് തന്നെ ഐശ്വര്യപ്രദായകമായ ഈ അപൂര്‍വ ചടങ്ങ് നടക്കുന്നത്. പൊലിയന്ദ്രം വിളിയെന്ന പേരിലാണ് കേരളത്തില്‍ ആഘോഷം അറിയപ്പെടുന്നത്. 11 മുതൽ 21 കോൽ വരെ ഉയരം നോക്കിയാണ് പാലമരം കണ്ടെത്തുന്നത്. പൊലിയന്ദ്രം ചടങ്ങ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുൻപാണ് പാലമരം ചെത്തി മിനുക്കി തയാറാക്കുന്നത്.
ജില്ലയിലെ തൃക്കരിപ്പൂർ മുതൽ കർണാടകയിലെ കുന്താപുരം വരെയുളള തുളുനാട്ടിൽ ഈ ആചാരം നടത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ കൊണ്ടാടുന്ന ചൊക്കപ്പനൈ എന്ന ആഘോഷത്തിന് ഇതുമായി ബന്ധമുണ്ടെന്ന് ഈ ആഘോഷത്തെക്കുറിച്ച് നടത്തിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.
Also Read: നാല്‍ക്കാലികളുടെ രോഗം മാറാന്‍ പ്രത്യേക നേർച്ച; അഷ്‌ടമുടി കായലോരത്തെ അപൂർവ ക്ഷേത്ര വിശേഷങ്ങൾ