തിരുവനന്തപുരം: തണ്ണീർതടങ്ങളിലെ നിർമാണത്തിന് കർശന നിയന്ത്രണമുൾപ്പെടെയുള്ള ശുപാർശകൾ ഉൾപ്പെടുത്തിയ തലസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റുന്ന മാസ്റ്റർ പ്ലാൻ സർക്കാരിന് സമർപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പിനാണ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചത്. ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും അഭിപ്രായങ്ങൾ ശേഖരിച്ച ശേഷമാണ് തിരുവനന്തപുരം നഗരസഭാ കൗൺസിൽ തദ്ദേശ വകുപ്പിലേക്ക് ശുപാർശകൾ ഉൾപ്പെടുത്തിയ കരട് കൈമാറിയത്.
മേൽപ്പാലങ്ങളും അടിപാതകളും കേന്ദ്രീകൃത ട്രാഫിക് സിഗ്നൽ സംവിധാനവും ഉൾപ്പെടെ നഗരത്തെ അടിമുടി നവീകരിക്കുന്നതാകും പുതിയ മാസ്റ്റർ പ്ലാൻ. സമീപകാലത്ത് നഗരത്തിലുണ്ടായ വെള്ളക്കെട്ടുകളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ തണ്ണീർതടങ്ങളിൽ നിർമാണം പാടില്ലെന്ന ശുപാർശ ഉൾപ്പെടുത്തിയത്. ചതുപ്പുകളും തണ്ണീർ തടങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയായത് കൊണ്ടാണ് പ്രധാന ശുപാർശയായി ഇതു സർക്കാരിലേക്ക് സമർപ്പിച്ചതെന്ന് തിരുവനന്തപുരം നഗരസഭ ടൗൺ പ്ലാനിങ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത ദേവി ഇടിവി ഭാരതിനോട് പറഞ്ഞു.
നഗരത്തിലെ 80 ജംഗ്ഷനുകളുടെ വികസനമുൾപ്പെടെ പട്ടം, ശ്രീകാര്യം എന്നിവിടങ്ങളിൽ മേൽപ്പാലം. പാളയം മാർക്കറ്റ് നവീകരണം, ചാല പൈതൃക തെരുവ്, സ്‌മാർട്ട് റോഡുകൾ, കൂടുതൽ നൈറ്റ് ലൈഫ് കേന്ദ്രങ്ങളും മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിങ്ങനെ സമഗ്ര മാറ്റത്തിനൊരുങ്ങുകയാണ് തലസ്ഥാനം. വരുന്ന 10 വർഷത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യ ഇരട്ടിയോളമായി വർധിക്കുമെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.
നഗരത്തിലെ പൈതൃക നിർമാണങ്ങളുടെ ഉയരം, ബേസ്മെന്‍റ്, നില, പ്രദേശം എന്നിവ രേഖപ്പെടുത്തും. വിഴിഞ്ഞം ഔട്ടർ റിംഗ് റോഡ്, ലിങ്ക് റോഡുകളുടെ വികസനം, ട്രക്ക് ടെർമിനൽ എന്നിവ ഈ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനങ്ങളുടെ ഭാഗമായുള്ള പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാവും ഇവ നടപ്പിലാക്കുന്നത്. 1800 പരാതികളും നിർദേശങ്ങളുമാണ് സർക്കാരിലേക്ക് സമർപ്പിച്ച് കരടിൽ ഉൾപ്പെടുത്താൻ പൊതുജനങ്ങൾ സമർപ്പിച്ചത്. ഇതിൽ 36 പരാതികളിൽ 77 പേർ നഗരസഭയിൽ നേരിട്ട് ഹിയറിംഗിന് ഹാജരായി.
മെഡിക്കൽ കോളജിൽ വികസനം വൈകും: കരട് മാസ്റ്റർ പ്ലാൻ ശുപാർശ സർക്കാരിന് കൈമാറുന്നതിന് മുൻപ് സ്പെഷ്യൽ ബി സോണിൽ നിന്നും മെഡിക്കൽ കോളജ് പ്രദേശത്തെ മാറ്റണമെന്ന സൂചിപ്പിച്ച് നിരവധി പരാതികളാണ് നഗരസഭയിലെത്തിയത്. എന്നാൽ മാസ്റ്റർ പ്ലാനിന് സർക്കാർ അംഗീകാരം ലഭിക്കുന്നത് വരെ സ്പെഷ്യൽ സോണുകളിൽ കേരള നെൽവയൽ തണ്ണീർതട നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഭൂമിയുടെ തരം മാറ്റം നടത്തിയവർക്ക് നിർമാണം തുടരാമെന്നാണ് നഗരസഭ നിർദേശം നൽകിയത്.
22 ഏക്കർ സ്ഥലത്താണ് മെഡിക്കൽ കോളജിന്‍റെ വികസനം വരുന്നത്. നിലവിൽ ഈ സ്ഥലങ്ങളിൽ നിരവധി കുടുംബങ്ങൾ വീട് വെച്ച് താമസിക്കുന്നു. മെഡിക്കൽ കോളജ് വികസനം നടക്കുന്ന പ്രദേശങ്ങളെ സ്പെഷ്യൽ സോൺ ബി യിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദേശത്തെ നിരവധി പേർ ഇതിനെതിരെ കേസും നൽകിയിട്ടുണ്ട്.
പരാതികൾ നിരവധി ലഭിച്ചതോടെ മെഡിക്കൽ കോളജ് അധികൃതരും നഗരസഭ ഉദ്യോഗസ്ഥരും തമ്മിൽ രണ്ട് തവണ യോഗം ചേർന്നിരുന്നു. എന്നാൽ മെഡിക്കൽ കോളേജിന്‍റെ വികസന പ്രവർത്തനങ്ങൾക്കായി സ്ഥലമേറ്റെടുക്കൽ ഒഴിവാക്കാനാകില്ലെന്ന നിലപാടാണ് മെഡിക്കൽ കോളജ് ഭരണസമിതി സ്വീകരിച്ചത്.