തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും 13കാരിയായ അസം സ്വദേശിനിയെ കാണാതായ സംഭവത്തിൽ കുട്ടിക്ക് മാതാപിതാക്കളിൽ നിന്ന് ശാരീരിക അതിക്രമം നേരിട്ടോ എന്നത് അന്വേഷിക്കുമെന്ന് തിരുവനന്തപുരം ഡിസിപി ഭരത് റെഡ്ഡി. മൂന്ന് ടേണിങ് പോയിന്‍റുകളാണ് ഈ കേസിലുണ്ടായിട്ടുള്ളത്. ട്രെയിന്‍ യാത്രിക പകർത്തിയ കുട്ടിയുടെ ചിത്രം പൊലീസിന് ഉപകാരപ്രദമായി.
സിസിടിവി ദൃശ്യങ്ങളും സുപ്രധാന പങ്കുവഹിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും പൊലീസിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചു. കുട്ടിക്ക് മാതാപിതാക്കളിൽ നിന്ന് ശാരീരിക അതിക്രമം നേരിട്ടോ എന്നത് അന്വേഷിക്കും.
കുട്ടിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. പിന്നീട് കുട്ടിയുടെ മൊഴിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ നാളെ നാട്ടിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
38 മണിക്കൂറോളം നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ ഇന്നലെ (ഓഗസ്‌റ്റ് 21) രാത്രി 10.15 ഓടെയാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്. നിലവില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്‍റെ സംരക്ഷണയിലുള്ള കുട്ടിയെ തിരികെ നാട്ടിലെത്തിക്കാന്‍ കഴക്കൂട്ടം എസ്ഐ രഞ്‌ജിത്തിന്‍റെ നേതൃത്വത്തില്‍ നാല് അംഗ സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു.
തമിഴ്‌നാട്ടിലെ താംബരത്ത് നിന്ന് പശ്ചിമ ബംഗാളിലെ ചിത്തരഞ്ജനിലേക്ക് പോകുന്ന ട്രെയിനില്‍ നിന്നായിരുന്നു കുട്ടിയെ ഇന്നലെ വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കണ്ടെത്തുന്നത്. ചൊവ്വാഴ്‌ച രാവിലെ ഒമ്പത് മണിക്ക് കാണാതായ കുട്ടിയെ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കന്യാകുമാരിയിലേക്ക് പോകുന്ന ഐലന്‍ഡ് എക്‌സ്‌പ്രസില്‍ കണ്ടെന്ന് യാത്രക്കാരി അറിയിച്ചതോടെയാണ് പൊലീസിന് കുട്ടിയുടെ സഞ്ചാരപാതയെ കുറിച്ച് സൂചന ലഭിക്കുന്നത്.
തുടര്‍ന്ന് കന്യാകുമാരിയില്‍ നിന്നും കുട്ടി ചെന്നൈ എഗ്‌മൂര്‍ എന്ന സ്ഥലത്ത് ട്രെയിനിലിറങ്ങി എന്ന് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുകയും കേരള പൊലീസ് സംഘം അങ്ങോട്ടേക്ക് പുറപ്പെടുകയും ചെയ്‌തു. ഇതിനിടെ കുട്ടി എഗ്‌മൂറില്‍ നിന്നും ലോക്കല്‍ ട്രെയിനില്‍ താംബരത്തേക്ക് പുറപ്പെട്ടു. തമിഴ്‌നാട്ടിലെ താംബരത്ത് നിന്നും ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള അന്ത്യോദയ എക്‌സ്‌പ്രസില്‍ വിശാഖപട്ടണത്ത് എത്തുകയും മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ ട്രെയിനില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
Also Read: തസ്‌മിത്തിനെ നാളെ തിരുവനന്തപുരത്ത് എത്തിക്കും; പൊലീസ് വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു