കോഴിക്കോട് : നന്‍മണ്ട ബ്രഹ്മകുളത്ത് റോഡിനുകുറുകെ വലിയ തണൽ മരം കടപുഴകി വീണ് സ്‌കൂട്ടര്‍ യാത്രികന് സാരമായി പരിക്കേറ്റു. കുറ്റിച്ചിറ സ്വദേശി അഷ്‌റഫിനാണ് പരിക്കേറ്റത്. അഷ്‌റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറെക്കാലമായി അപകട ഭീഷണി ഉയർത്തുന്ന മരമാണ് അപ്രതീക്ഷിതമായി കടപുഴകി വീണത്. ഈ സമയം ഇതുവഴി സ്‌കൂട്ടറില്‍ വന്ന അഷ്‌റഫിന്റെ ദേഹത്താണ് മരം പതിച്ചത്. സ്‌കൂട്ടറും അഷ്‌റഫും മരത്തിനടിയില്‍ കുടുങ്ങിപ്പോയി. തുടർന്ന് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ സാരമായി പരിക്കേറ്റ അഷ്റഫിനെ മരത്തിനടിയിൽ നിന്നും പുറത്തെത്തിച്ചു.
ആറുമാസം മന്‍പ് ഇതിന് സമീപം തന്നെ നന്‍മണ്ട അമ്പലപ്പൊയിലിൽ സമാന രീതിയില്‍ റോഡിലേക്ക് മരം കടപുഴകി വീണ് സ്‌കൂള്‍ അധ്യാപകന്‍ മരിച്ചിരുന്നു. നരിക്കുനി അഗ്നിരക്ഷാനിലയത്തിലെ അസി. സ്‌റ്റേഷന്‍ ഓഫീസര്‍ എം സി മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.