പത്തനംതിട്ട: പ്രശസ്‌ത സംഗീതജ്ഞനും ഗായകനുമായ കെ ജി ജയൻ്റെ വേർപാടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അനുശോചിച്ചു. ഭക്തിഗാന സംഗീതരംഗത്ത് ജയ - വിജയ സഹോദരൻമാരിലെ കെ ജി ജയൻ നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. വ്യത്യസ്‌തമാർന്ന ആലാപന ശൈലിയും വേറിട്ട ശബ്‌ദമാധുര്യവുമായിരുന്നു കെ ജി ജയൻ്റെ പ്രത്യേകത.
അതുകൊണ്ട് തന്നെ സംഗീതപ്രേമികളിൽ കെ ജി ജയൻ്റെ ശബ്‌ദ സൗകുമാര്യത ആഴത്തിൽ പതിച്ചിട്ടുണ്ട്. അറുപത് വർഷം നീണ്ട സംഗീത സപര്യയുടെ ഉടമയായ കെ ജി വിജയൻ വിടവാങ്ങുമ്പോൾ അത് സംഗീത മേഖലയ്ക്ക് ഉണ്ടായത് തീരാനഷ്‌ടം തന്നെയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിച്ചിടത്തോളം കെ ജി ജയൻ എന്ന സംഗീത പ്രതിഭയോട് തീർത്താൽ തീരാത്ത കടപ്പാടും ആദരവുമാണ് ഉള്ളത്. 'ശ്രീകോവിൽ നടതുറന്നു പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു' എന്ന് തുടങ്ങുന്ന ശബരിമല അയ്യപ്പ സ്വാമിയുടെ ഉണർത്തുപാട്ട് ഭക്തകോടികളുടെ മനസിൽ ജീവിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഹരിവരാസന പുരസ്‌കാര ജേതാവുകൂടിയായ കെ ജി ജയൻ സംഗീതലോകത്ത് നൽകിയിട്ടുള്ള സംഭാവനകൾ പകരം വയ്ക്കാൻ ആവാത്തതാണ്.
കെ ജി ജയൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബാങ്ങൾക്കുള്ള ദുഃഖത്തിൽ പങ്കുചേരുന്നതായും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വാർത്താകുറുപ്പിൽ പറഞ്ഞു.